
കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ പൂര്‍ണമായും 4ജിയിലേക്ക് മാറുന്നു. ഡിസംബര്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
പഞ്ചാബില്‍ 4ജി യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് കേരളത്തിലും ബിഎസ്എന്‍എല്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ 5ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
തിരുവനന്തപുരത്ത് 296ഉം എറണാകുളത്ത് 275ഉം കോഴിക്കോട്125ഉം കണ്ണൂരില്‍ 100ഉം ടവറുകളാണ് സ്ഥാപിക്കുക. ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലും സേവനം ലഭ്യമാക്കും.
ചാണ്ഡിഗഡില്‍ നടത്തിയ 4ജി പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ 4ജി സേവനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.






