
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ‘ബോസ’ സംഘടിപ്പിച്ച ഭാരത നോളജ് സമ്മിറ്റ് 2025 കോളേജ് കാംപസിൽ നടന്നു. തിളക്കമാർന്ന ഭാവിക്കൊരു ബ്ലൂ പ്രിൻ്റ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മിറ്റ് കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 5 വേദികളിൽ 10 സെഷനുകളിലായി വ്യത്യസ്ത മേഖലകളിലുള്ള 45 പ്രമുഖർ സമിറ്റിൽ പങ്കെടുത്തു. ഓപ്പണിംഗ് സെഷനിൽ കെ- ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, മുൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. എംപി സുകുമാരൻ നായർ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ഡോ. വിഎ ജോസഫ്, മനോരമ ന്യൂസ് സീനിയർ അസിസ്റ്റൻറ് എഡിറ്റർ എ അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു.
‘അതിർത്തികൾക്ക് അപ്പുറത്തെ അവസരങ്ങൾ’ എന്ന പ്രമേയത്തിലുള്ള പാനൽ ചർച്ചയിൽ സാൻ്റാ മോണിക്ക ഗ്രൂപ്പ് ഡയറക്ടർ നൈസി ബിനു, ഐഎസ്ഇ എജ്യുക്കേഷൻ മാനേജിംഗ് ഡയറക്ടർ മനു രാജഗോപാൽ, കെൻ്റ് കൺസൾട്ടിംഗ് ഡയറക്ടർ വിനീത പാനികുളം, ഗോഡ്സ്പീഡ് ഇമിഗ്രേഷൻ മാനേജിംഗ് ഡയറക്ടർ രേണു എ., അഡ്വ. ലിറ്റോ പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു. 21-ാം നൂറ്റാണ്ടിന് ആവശ്യമായ സവിശേഷ വൈദഗ്ധ്യങ്ങൾ ചർച്ച ചെയ്ത പാനലിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് വൈസ് പ്രസിഡന്റ് ജോജോ ജേക്കബ് പഞ്ഞിക്കാരൻ, റിനൈ മെഡിസിറ്റി വൈസ് പ്രസിഡൻറ് സിജോ ജോസഫ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സിഇഒ മനോജ് രവി, പരിശീലകനും എഴുത്തുകാരനുമായ നിബു ജോൺ, ഐടി വിദഗ്ധൻ സംഗീത് കെഎം എന്നിവർ പങ്കെടുത്തു. എഐയിൽ വരാനിരിക്കുന്ന വലിയ കാര്യങ്ങൾ, ഭാവിയുടെ സിവിൽ സർവീസസും ഗവേണൻസുമാണ്, സംരംഭകത്വം വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഒരു റോഡ് മാപ്പ്, ലൈഫ് സയൻസസിലെ അനിതര സാധാരണ സാധ്യതകൾ, തുടങ്ങിയ വിഷയങ്ങളിലും സമ്മിറ്റ് ചർച്ച നടത്തി.






