
ന്യൂഡല്‍ഹി: പിഒഎസ്(പോയിന്റ് ഓഫ് സെയില്‍), ക്യൂആര്‍ കോഡ്, സ്പീക്കര്‍ എന്നിവ ഒരു ഡിവൈസിലേക്ക് സമന്വയിപ്പിക്കുന്ന ഓള്‍-ഇന്‍-വണ്‍ പേയ്‌മെന്റ് സംവിധാനമായ ഭാരത്‌പേ വണ്‍ പുറത്തിറക്കി ഫിന്‍ടെക് കമ്പനിയായ ഭാരത്‌പേ.
വ്യാപാരികള്‍ക്ക് ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഡൈനാമിക് ക്യൂആര്‍ കോഡ്, ടാപ് ആന്‍ഡ് പേയ്‌മെന്റ്, കാര്‍ഡ് പേയ്‌മെന്റ് ഓപ്ഷനുകള്‍ എന്നീ സംവിധാനവും ഇതിലുണ്ട്.
ആദ്യഘട്ടത്തില്‍ ഏകദേശം 100 നഗരങ്ങളില്‍ ഈ സേവനം എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് രാജ്യത്തെ 450 ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
ചെലവ് കുറഞ്ഞ രീതിയില്‍ എല്ലാത്തരം വ്യാപാരികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് പുതിയ സംരംഭത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഭാരത്‌പേ സിഇഒ നളിന്‍ നെഗി പറഞ്ഞു.
ഹൈഡെഫനിഷന്‍ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 4ജി, വൈഫൈ കണക്ടിവിറ്റി, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയും ഭാരത്‌പേ വണ്ണില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
’’പരീക്ഷണഘട്ടത്തില്‍ ഭാരത്‌പേ വണ്ണിനെപ്പറ്റി വ്യാപാരികളില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ഈ സംരംഭം ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’’ എന്ന് ഭാരത്‌പേ ചീഫ് ബിസിനസ് ഓഫീസര്‍ റിജിഷ് രാഘവന്‍ പറഞ്ഞു.