
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കയാണ് ഭാരത് ഗിയേഴ്‌സ് കമ്പനി. 1:2 അനുപാതത്തിലായിരിക്കും ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 2 ഓഹരികള്‍ കൈവശം വയ്ക്കുന്ന നിക്ഷേപകര്‍ക്ക് 1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരികള്‍ ലഭ്യമാകും.
രണ്ട് മാസത്തിനുള്ളില്‍ ബോണസ് ഓഹരി വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിലവില്‍ 10 രൂപ മുഖവിലയുള്ള 1.02 കോടി ഓഹരികളാണ് കമ്പനിയുടെ പെയ്ഡ് അപ്പ് ഷെയര്‍ കാപിറ്റല്‍. 10.23 കോടി രൂപയുടേതാണ് ഇത്.
ബോണസ് ഓഹരി വിതരണം ചെയ്യുന്നതോടെ 10 രൂപ മുഖവിലയുള്ള 1.53 കോടി ഓഹരികളായി ഷെയര്‍ കാപിറ്റല്‍ മാറും. മൊത്തം മൂല്യം 15.35 കോടി രൂപയായി ഉയരും. 2022 ല്‍ നേരിയ ഉയര്‍ച്ച മാത്രം കൈവരിക്കാനായ ഓഹരിയാണ് ഭാരത് ഗിയേഴ്‌സിന്റേത്.
കഴിഞ്ഞ ഒരു മാസത്തില്‍ 3 ശതമാനം മാത്രം ഉയര്‍ന്ന ഓഹരി ആറ് മാസത്തില്‍ 5 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. വാഹനഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ഗിയേഴ്‌സ്.