
തിരുവനന്തപുരം: ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ സര്‍ക്കാര്‍ നിലപാട് എതിരാണെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി തേടി ബെവ്കോ. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി തേടി ബെവ്കോ വിശദമായ ശുപാര്‍ശ നൽകി.
ഡ്രാഫ്റ്റ് ബിയറിനും ക്രാഫ്റ്റ് ബിയറിനും അനുമതി നൽകണമെന്നാണ് ബെവ്കോയുടെ ആവശ്യം. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇത് വിൽക്കാൻ അനുമതി നൽകിയാൽ അധിക വരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കിയത്.
നിരവധി കമ്പനികൾ രംഗത്ത് ഇതിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും ബെവ്കോ എംഡി നൽകിയ ശുപാര്‍ശയിൽ വ്യക്തമാക്കുന്നു. വിദേശ ബിയര്‍ വിൽക്കാനും അനുമതി നൽകണമെന്ന് ബെവ്കോ ശുപാര്‍ശ നൽകിയിട്ടുണ്ട്.
വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകിയാൽ 500 കോടി അധികവരുമാനമുണ്ടാകുമെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്. ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയ്ക്കായി ബെവ്കോ ശുപാര്‍ശ നൽകിയെങ്കിലും ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നാണ് എക്സൈസ് മന്ത്രി എംബി രാജേഷ് ഇന്നലെ വ്യക്തമാക്കിയത്.
എന്നാൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ സര്‍ക്കാര്‍ നിലപാട് അനുകൂലമായതിനാൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി ലഭിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.
ബ്രുവറികളിൽ നിന്ന് തത്സമയം വിവിധ ഫ്ലേവറുകളിൽ ഉണ്ടാക്കുന്നതാണ് ക്രാഫ്റ്റ് ബിയര്‍. കുപ്പികളെ ബിയറിന് പകരം മെഷീനിൽ നിന്ന് നേരിട്ട് പകര്‍ന്നുനൽകുന്നതാണ് ഡ്രാഫ്റ്റ് ബിയര്‍.