
മുംബൈ: ഫെബ്രുവരി ആറിന് ആര്‍ബിഐയുടെ ധനകാര്യ നയ സമിതി യോഗം കാല്‍ ശതമാനം കൂടി റെപ്പോ നിരക്ക് കുറയ്‌ക്കാന്‍ തീരുമാനിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നു. വളര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ റെപ്പോ നിരക്ക് 5 ശതമാനമായി കുറയ്‌ക്കാന്‍ ആര്‍ബിഐ തയാറാകുമെന്നാണ് ബാങ്ക് അമേരിക്കയുടെ നിഗമനം.
അതേ സമയം ഫെബ്രുവരിയില്‍ നടക്കുന്ന ധന നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. പണപ്പെരുപ്പം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഫെബ്രുവരിയില്‍ നടക്കുന്ന ധന നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
ഫെബ്രുവരി നാല് മുതല്‍ ആറ് വരെയാണ് ആര്‍ബിഐയുടെ ധന നയ അവലോകന സമിതിയുടെ യോഗം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു പിന്നാലെയാണ് ആര്‍ബിഐ യോഗവും. ഡിസംബറില്‍ ആര്‍ബിഐയുടെ ധന നയ സമിതി യോഗം റെപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. 5.5 ശതമാനത്തില്‍ നിന്നും 5.25 ശതമാനമായാണ് നിരക്ക് കുറച്ചത്.
ഓഗസ്റ്റിലും ഒക്‌ടോബറിലും ചേര്‍ന്ന ധന നയ സമിതി യോഗങ്ങളില്‍ റെപ്പോ നിരക്ക് കുറച്ചിരുന്നില്ല. അതേ സമയം അതിന് മുമ്പുള്ള മൂന്ന് ധന നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക് കുറച്ചിരുന്നു. 2025ല്‍ റെപ്പോ നിരക്ക് മൊത്തം 1.25 ശതമാനമാണ് കുറച്ചത്.






