
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങൾ രാജ്യാന്തര സ്വർണവിലയെ ഏറെ വൈകാതെ 5,000 ഡോളറിൽ കൊണ്ടെത്തിക്കുമെന്ന് പ്രമുഖ നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റുകളുടെ പ്രവചനം. 2025ന്റെ തുടക്കത്തിൽ ഔൺസിന് ഏതാണ്ട് 2,500 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില, ഇപ്പോൾ 3,600 ഡോളർ ഭേദിച്ചുകഴിഞ്ഞു.
2025 ഡിസംബറോടെ 3,700 ഡോളർ, 2026 മധ്യത്തോടെ 4,000-4,500 ഡോളർ, 2026 അവസാനത്തോടെ 5,000 ഡോളർ എന്നിങ്ങനെയായി വില കുതിച്ചേക്കാമെന്നാണ് വിലയിരുത്തൽ. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾ, ഫെഡിന്റെ വിശ്വാസ്യതയെ സാരമായി ബാധിക്കും.
ഇതിനുപുറമെ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡ് എന്നിവയും കുറയാനിടയാക്കും.
യുഎസ് ട്രഷറിയിൽ നിന്ന് ഇതോടെ നിക്ഷേപം കൊഴിഞ്ഞേക്കാം. നിലവിൽ ഏതാണ്ട് 57 ട്രില്യൻ ഡോളറിന്റെ നിക്ഷേപമാണ് ട്രഷറിയിലുള്ളത്. ഇതിൽനിന്ന് വെറും 1% നിക്ഷേപം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ എത്തിയാൽതന്നെ അത് 570 ബില്യൻ ഡോളർ വരും. രാജ്യാന്തരവില 5,000 ഡോളർ ഭേദിക്കാൻ അതു ധാരാളമെന്നും അനലിസ്റ്റുകൾ പറയുന്നു.
ട്രംപിന്റെ താരിഫ് യുദ്ധം രാജ്യാന്തര വ്യാപാര, സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ, ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ എന്നിവയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വിലയെ മുന്നോട്ടുയർത്തുകയും ചെയ്യും.
യുഎസ് ഫെഡിനെ കടന്നാക്രമിക്കുന്ന ട്രംപിന്റെ നിലപാട് സ്വർണവില കുതിച്ചുകയറാൻ ഇടയാക്കുമെന്ന് മറ്റൊരു ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേയ്സും വ്യക്തമാക്കി.