
ഹൈദരാബാദ്: സ്മാർട്ട്ഫോൺ വിപണിയിലെ പതിനാല് വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. 2025-ൽ ഷിപ്പ്‌മെന്റുകളുടെ എണ്ണത്തിൽ സാംസങ്ങിനെ മറികടന്ന് ആപ്പിൾ ഒന്നാം സ്ഥാനത്തെത്തുമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിപണിയിൽ ആപ്പിളിന്റെ അപ്രമാദിത്വത്തിലേക്കുള്ള സൂചനയായാണ് വിപണി വിദഗ്ധർ ഇതിനെ കാണുന്നത്.
കണക്കുകൾ പറയുന്നത്
റിപ്പോർട്ട് പ്രകാരം 2025-ൽ ആപ്പിൾ ഏകദേശം 24.3 കോടി (243 മില്യൺ) ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സാംസങ്ങിന്റെ ഷിപ്പ്‌മെന്റ് 23.5 കോടിയിൽ (235 മില്യൺ) ഒതുങ്ങും. ഇതോടെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ 19.4 ശതമാനം വിഹിതം നേടുമ്പോൾ സാംസങ്ങിന്റേത് 18.7 ശതമാനമായിരിക്കും.
കുതിപ്പിന് പിന്നിൽ ഐഫോൺ 17
കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസാണ് ആപ്പിളിന്റെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. അഅമേരിക്കയിൽ ഐഫോൺ 16-നെ അപേക്ഷിച്ച് ഐഫോൺ 17ന്റെ വിൽപ്പനയിൽ (പുതിയ ഐഫോൺ എയർ ഉൾപ്പെടെ) 12 ശതമാനം വർധനവുണ്ടായി. ആപ്പിളിന്റെ നിർണായക വിപണിയായ ചൈനയിൽ ഇത് 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
മാറുന്ന ട്രെൻഡുകൾ
കോവിഡ് കാലഘട്ടത്തിൽ സ്മാർട്ട്ഫോണുകൾ വാങ്ങിയ ഉപഭോക്താക്കൾ ഇപ്പോൾ പുതിയ ഫോണുകളിലേക്ക് മാറാൻ തുടങ്ങിയതാണ് വിപണിയിലെ ഈ ഉണർവിന് മറ്റൊരു കാരണം. കൂടാതെ, സെക്കൻഡ് ഹാൻഡ് ഐഫോൺ വിപണിയിലുണ്ടായ വളർച്ചയും ഭാവിയിൽ പുതിയ ഐഫോൺ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം, മിഡ്-റെയിഞ്ച്, ബജറ്റ് ഫോണുകളുടെ വിപണിയിൽ ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം സാംസങ്ങിന് വെല്ലുവിളിയാകുന്നുണ്ട്. ഇതാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിൽ നിന്ന് സാംസങ്ങിനെ തടയുന്ന പ്രധാന ഘടകം.
ഭാവി പദ്ധതികൾ
2029 വരെ ആപ്പിൾ തന്നെയാകും വിപണിയിലെ ഒന്നാമൻ എന്നാണ് കൗണ്ടർപോയിന്റ് പ്രവചിക്കുന്നത്. ഇതിനായി ചില നിർണ്ണായക നീക്കങ്ങളും ആപ്പിൾ നടത്തുന്നുണ്ട്: വെർച്വൽ അസിസ്റ്റന്റായ സിരിയിലെ നവീകരണങ്ങൾ, 2027-ൽ ഐഫോണിൽ വരാനിരിക്കുന്ന വമ്പൻ ഡിസൈൻ മാറ്റങ്ങളും അനുകൂലമായേക്കും.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിലെ അയവും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളും ആപ്പിളിന് അനുകൂല ഘടകങ്ങളായി മാറിക്കഴിഞ്ഞു.






