എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷവും ഇന്ത്യയിൽ ഉറച്ച് ആപ്പിള്‍

ടെക് ഭീമന്‍ ആപ്പിള്‍ രാജ്യത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ. ഇന്ത്യയെ കമ്പനിയുടെ പ്രധാന നിര്‍മ്മാണ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രതിബദ്ധത ആപ്പിള്‍ ഊട്ടിഉറപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതിയില്‍ യാതൊരു മാറ്റവുമില്ലെന്നും ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സര്‍ക്കാരിന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ ടെക് ഭീമന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിള്‍ സിഇഒ ടിം കുക്കുമായി നേരിട്ട് സംസാരിച്ചതായും ഇന്ത്യന്‍ വിപണിയെ സേവിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെയല്ലാതെ ആപ്പിളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായും ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.

മെയ് 15-ന് ഖത്തറിലെ ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ടിം കുക്കുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞത്.

ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ഒഴിവാക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ദോഹയില്‍ ബിസിനസ് പരിപാടിയില്‍ സംസാരിക്കവേ ട്രംപ് അറിയിച്ചിരുന്നു.

വ്യാപാര യുദ്ധത്തിന് വഴിവെട്ടികൊണ്ട് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ഉയര്‍ത്തിയ ട്രംപിന്റെ നടപടിയെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആപ്പിള്‍ വേഗം കൂട്ടിയത്.

ട്രംപിന്റെ തീരുവ യുദ്ധം കമ്പനിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയെയും കണക്കുകൂട്ടലുകളെയും തുടർന്നായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യാപാകമായ ശ്രമത്തിലാണ് കമ്പനി.

ട്രംപിന്റെ വാചാടോപങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് വ്യവസായം ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നത്. രാജ്യം കൂടുതല്‍ ശേഷി ആര്‍ജിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ELCINA) സെക്രട്ടറി ജനറല്‍ രാജു ഗോയല്‍ ചൂണ്ടിക്കാട്ടിയതായി സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ നിര്‍മ്മാണ ഘടകങ്ങള്‍ ഇന്ത്യ പ്രാദേശികമായി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ പുതിയ ഇലക്ട്രോണിക് ഘടക നിര്‍മ്മാണ പദ്ധതിയെ ഒരു പോസിറ്റീവ് നടപടിയായി ഉദ്ധരിച്ച് രാജു ഗോയല്‍ പറഞ്ഞതായാണ് വിവരം.

ട്രംപിന്റെ അഭിപ്രായങ്ങളെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ അല്പം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയെ അത്രയധികം ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആപ്പിളിനായി ആഗോള വിപണിയുടെ വളരെ ചെറിയൊരു പങ്ക് മാത്രമാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റേത് വെറും ഒരു പ്രസ്താവന മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ അടിത്തറ ശക്തമാണ്. ഇതില്‍ നിരാശരാകേണ്ട കാര്യമില്ലെന്നും ട്രംപ് ഉടന്‍ തന്നെ അദ്ദേഹത്തിന്റെ നിലപാട് മാറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി ഇന്ത്യ വളര്‍ന്നുവരികയാണ്. ഇന്ത്യയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്കുകീഴില്‍ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ തുടങ്ങിയ കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ വികസിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.

X
Top