
മുംബൈ: എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചെന്ന് റിപ്പോർട്ട്. അദ്ദേഹമോ എയർ ഇന്ത്യയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജിവച്ചെന്നും നിലവിൽ നോട്ടിസ് പിരീഡിലാണെന്നും അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണം എയർ ഇന്ത്യ തുടങ്ങിയെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2027 ജൂലൈ വരെ പ്രവർത്തന കാലാവധി ശേഷിക്കേയാണ് രാജി. 2022ന്റെ തുടക്കത്തിലായിരുന്നു കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയത്. ‘തറവാട്ടിലേക്കുള്ള’ എയർ ഇന്ത്യയുടെ മടക്കമായിരുന്നു അത്. ആ വർഷം മേയിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്കൂട്ടിൽ നിന്ന് കാംപെൽ വിൽസൻ എയർ ഇന്ത്യയുടെ തലപ്പത്തെത്തിയത്.
കാംപെലിന്റെ കീഴിലായിരുന്നു വിസ്താര-എയർ ഇന്ത്യ ലയനം. അതുവരെ ടാറ്റ സൺസിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിരുന്നു വിസ്താര. ലയനശേഷം ടാറ്റയ്ക്ക് 74.9 ശതമാനമായി ഓഹരി പങ്കാളിത്തം. സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനവും.
കാംപെലിന്റെ കീഴിൽ സാമ്പത്തികമായും മികച്ച പ്രകടനമായിരുന്നു എയർ ഇന്ത്യ പൊതുവേ നടത്തിയത്. എന്നാൽ, കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടവും തുടർച്ചയായി ഒട്ടേറെ വിമാനങ്ങൾ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതും ക്ഷീണമായി.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം, വിമാന ഇന്ധന വിലവർധന, ഷെഡ്യൂൾ പ്രതിസന്ധി തുടങ്ങിയവ മൂലം സാമ്പത്തികച്ചെലവ് കുത്തനെ കൂടിയതും എയർ ഇന്ത്യയ്ക്ക് തിരിച്ചടി ആയി.
190ലധികം വിമാനങ്ങൾ എയർ ഇന്ത്യയ്ക്കുണ്ട്. പുതിയ 500ലേറെ വിമാനങ്ങൾക്കുള്ള റെക്കോർഡ് ഓർഡറും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഒന്നാമത്തെ വലിയ കമ്പനിയായ ഇൻഡിഗോയുടെ സിഇഒയായി മുൻ ബ്രിട്ടീഷ് എയർവേയ്സ് സിഇഒ വില്യം വാൽഷ് നിയമിതനായത് അടുത്തിടെയാണ്. ടാറ്റാ സൺസ് ചെയർമാൻ കൂടിയായ എൻ. ചന്ദ്രശേഖരൻ തന്നെയാണ് എയർ ഇന്ത്യയുടെ ചെയർമാനും.
കണക്കുകളിൽ നേട്ടവും കോട്ടവും
കാംപെൽ വിൽസന്റെ കീഴിൽ എയർ ഇന്ത്യ സമ്മിശ്ര സാമ്പത്തിക പ്രകടനമാണ് നടത്തിയത്. എയർ ഇന്ത്യ മികവ് കാട്ടി, എയർ ഇന്ത്യ എക്സ്പ്രസ് നേരേ തിരിച്ചും. ടാറ്റാ കമ്പനികളിൽ ഏറ്റവുമധികം നഷ്ടം നേരിടുന്ന കമ്പനിയാണ് എയർ ഇന്ത്യയെന്നും റിപ്പോർട്ടുകൾ പറയുന്നു.
2024-25 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് എയർ ഇന്ത്യയുടെ തനിവരുമാനം (സ്റ്റാൻഡ്എലോൺ റവന്യൂ) 13% ഉയർന്ന് 61,080 കോടി രൂപയിൽ എത്തിയിരുന്നു. നഷ്ടം മുൻവർഷത്തെ 5,031 കോടി രൂപയിൽ നിന്ന് 3,976 കോടി രൂപയായും കുറഞ്ഞു.
കടബാധ്യത 32,465 കോടി രൂപയിൽ നിന്ന് 29,713 കോടി രൂപയായും താഴ്ന്നു. ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ വരുമാനം 26% ഉയർന്ന് 16,033 കോടി രൂപയിലും എത്തിയിരുന്നു. എന്നാൽ നഷ്ടം നാലുമടങ്ങ് ഉയർന്ന് 5,822 കോടി രൂപയായി. കടം 6,261.7 കോടി രൂപയിൽ നിന്ന് 10,087.4 കോടി രൂപയായും വർധിച്ചു.
തലവനില്ലാതെ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസിന്റെ മാനേജിങ് ഡയറക്ടർ അലോക് സിങ് മാർച്ച് 19ന് 5-വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയാക്കി പടിയിറങ്ങിയിരുന്നു. പകരക്കാരനെ ഇതുവരെ നിയോഗിച്ചിട്ടില്ല.






