
കൊച്ചി: ഒക്കുപ്പേഷണൽ തെറാപ്പി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ). വിധി ഒരു സാമൂഹിക വഴിത്തിരിവാകുമെന്ന് എ.ഐ.ഒ.ടി.എ ഭാരവാഹികൾ പറഞ്ഞു. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ആരോഗ്യകേന്ദ്രങ്ങളിലെ കേവലം ‘സഹായികൾ’ മാത്രമല്ലെന്നും നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസിന്റെ (എൻ.സി. എച്ച്. എ. പി) ചട്ടക്കൂടിന് കീഴിലുള്ള സ്വതന്ത്ര ‘ഹെൽത്ത്കെയർ പ്രൊഫഷണലുകൾ’ ആണെന്നുമാണ് കോടതി അംഗീകരിച്ചത്. രോഗത്തിന്റെ തുടക്കത്തിൽ തന്നെയുള്ള വിദഗ്ധ രോഗീപരിചരണവും ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെയും വൻതോതിലുള്ള വിപുലീകരണത്തിന് ഈ ഉത്തരവ് വഴിതെളിക്കും. ഓട്ടിസം, സ്ട്രോക്ക്, എഡിഎച്ച്ഡി, അൾഷിമേഴ്സ് ഉൾപ്പെടെ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന വിവിധ ശാരീരിക-മാനസിക രോഗാവസ്ഥകൾക്കും വളർച്ചാപ്രശ്നങ്ങൾക്കുമുള്ള ചികിത്സാ രംഗത്ത് കാര്യക്ഷമമായ മാറ്റങ്ങൾക്കും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും.
ഈ വിധി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി പറഞ്ഞു. ചികിത്സാ പദ്ധതികൾ സ്വതന്ത്രമായി തീരുമാനിക്കാനും നടപ്പിലാക്കാനും തെറാപ്പിസ്റ്റുകൾക്ക് ഇപ്പോൾ നിയമപരമായ അധികാരമുണ്ട്. ഇത് ഓട്ടിസം പോലുള്ള രോഗാവസ്ഥകൾക്കുള്ള ചികിത്സാ രീതികളെ കൂടുതൽ ശക്തിപ്പെടുത്തുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും തെറാപ്പി സെന്ററുകളുടെയും ഏർലി ഇന്റർവെൻഷൻ സെന്ററുകളുടെയും സേവനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതി നൽകിയ ഈ നിയമപരമായ വ്യക്തത, ഗ്രാമപ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിലും കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും സ്ഥാപിക്കാൻ പ്രോത്സാഹനമേകും. മികച്ച ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്ന എൻ.സി. എച്ച്. എ. പി ആക്ടിന്റെ ലക്ഷ്യം ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




