
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികള്‍ക്ക് സുസ്ഥിരവും ഭാവിസാധ്യതയുമുള്ള പരിഹാരങ്ങള്‍ നല്‍കുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ എഐ സങ്കേതങ്ങള്‍ക്ക് സാധിക്കുമെന്ന് ടെക്നോപാര്‍ക് ആസ്ഥാനമായ എഐ സേവന കമ്പനി ഡിക്യൂബ് എഐ യുടെ സിഒഒ മനു മാധവന്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ് കാസ്റ്റ് പരമ്പരയായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍’ പരിപാടിയിലാണ് മനു തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. ടെക്നോപാര്‍ക്കിനും സംസ്ഥാനത്തെ മറ്റ് ഐടി പാര്‍ക്കുകള്‍ക്കും ഡിജിറ്റല്‍ ട്വിന്‍ മോഡല്‍, സ്മാര്‍ട്ട് ബില്‍ഡിംഗുകള്‍ മുതലായ എഐ അധിഷ്ഠിത സൊല്യൂഷനുകള്‍ സ്വീകരിക്കാന്‍ കഴിയും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യക്ഷമതയും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കും. ഡിജിറ്റല്‍ ട്വിന്‍ മോഡല്‍ എന്നത് ഒരു ഡിജിറ്റല്‍ മാപ്പിംഗ് സംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സെന്‍സറുകളുള്ള സ്മാര്‍ട്ട് കെട്ടിടങ്ങള്‍ക്കും മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും വിശകലനം ചെയ്യാനും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന ഒരു സിസ്റ്റത്തിലേക്ക് ഡാറ്റ അയയ്ക്കാന്‍ കഴിയും. ജല വിനിയോഗം, വൈദ്യുത ഉപഭോഗം, മാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹാരം കാണാനും ഇത് സഹായിക്കും. ഒരു യുഎസ് ക്ലയന്‍റിനായി ഡിക്യൂബ് എഐ ഡിജിറ്റല്‍ ട്വിന്‍ മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ സാങ്കേതിക മേഖലാ മുന്നേറ്റങ്ങളെ ടെക്നോപാര്‍ക് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചും മനു സംസാരിച്ചു.
വിവിധ കമ്പനികളിലായി പ്രവര്‍ത്തിക്കുന്ന 80,000-ൽ അധികം പ്രൊഫഷണലുകളുള്ള ഒരു വലിയ ടാലന്‍റ് പൂളാണ് ടെക്നോപാര്‍ക്കിനുള്ളത്. കമ്പനികള്‍ക്കിടയില്‍ ഫലപ്രദമായ സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള അന്തരീക്ഷം ഇവിടുണ്ട്. കോളേജുകളില്‍ നിന്നിറങ്ങി ജോലിയ്ക്കായി ടെക്നോപാര്‍ക്കിലെത്തുന്ന വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിക്കുന്നതിനും ചലനാത്മകമായ സാങ്കേതിക വ്യവസായത്തിനായി അവരെ സജ്ജമാക്കുന്നതിനും ടെക്നോപാര്‍ക്കിന്‍റെ ജിടെക്കുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






