
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗറില്‍ തുടങ്ങി രാജ്യംമുഴുവന്‍ ദോശയുടെ പെരുമയെത്തിച്ച അഡയാര്‍ ആനന്ദഭവന് ആഗോള വിപണിയിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുന്നു. അഡയാര്‍ ആനന്ദഭവന് റസ്റ്ററന്റ് ശൃംഖലയില്‍ മാധ്യമ രാജാവ് റൂപര്‍ട് മര്‍ഡോക്കിന്റെ ഇളയമകന് ജെയിംസ് മര്‍ഡോക് നിക്ഷേപം നടത്തി.
1600 കോടിയുടെ നിക്ഷേപമാണ് ജെയിംസ് മര്‍ഡോകും റിലയന്‍സ്-ഡിസ്നി ഉദ്യോഗസ്ഥനായ ഉദയ് ശങ്കറും ചേര്‍ന്ന ബോധി ട്രീ സിസ്റ്റംസ് അഡയാര്‍ ആനന്ദ ഭവനില്‍ നടത്തിയത്.
രാജ്യത്ത് 16 റസ്റ്ററന്റുകളാണ് അഡയാര്‍ ആനന്ദ് ഭവന് ഉള്ളത്. വിദേശത്ത് 32 ഔട്ട്ലെറ്റുകളുമുണ്ട്. 15,000 പേരാണ് അഡയാര്‍ ആനന്ദ് ഭവനില്‍ ജോലി ചെയ്യുന്നത്.
തമിഴ്നാട്ടിലെ രാജപാളയത്ത് കെ.എസ്. തിരുപ്പതി രാജ ആരംഭിച്ച ചെറിയൊരു മധുരപലഹാരക്കടയാണ് പിന്നീട് അടയാര്‍ ആനന്ദഭവന് എന്ന ബ്രാന്‍ഡായി വളര്‍ന്നത്. പാചകത്തിലും മധുരപലഹാര നിര്‍മാണത്തിലും അനുഭവസമ്പത്തുമായാണ് അദ്ദേഹം സംരംഭക ലോകത്തേക്ക് കടന്നത്.
തുടക്കത്തില്‍ ഗുരു സ്വീറ്റ്സ് എന്ന പേരിലായിരുന്നു കടയുടെ പ്രവര്‍ത്തനം. എന്നാല്‍ കൃഷിയിലുണ്ടായ തിരിച്ചടിയും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തെ പുതിയ ഇടങ്ങള്‍ തേടാന്‍ നിര്‍ബന്ധിതനാക്കി.
കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് മാറിയ അദ്ദേഹം അവിടെനിന്ന് വീണ്ടും ബിസിനസ് കെട്ടിപ്പടുത്തു. പിന്നീട് ചെന്നൈയിലെത്തിയതോടെ ശ്രീ ആനന്ദഭവന് എന്ന പേരില്‍ മധുരപലഹാരക്കട ആരംഭിച്ചു.
അടയാറില്‍ തുടങ്ങിയ ഔട്ട്ലെറ്റിന്റെ ജനപ്രീതിയാണ് സ്ഥാപനത്തിന് അടയാര്‍ ആനന്ദഭവന് എന്ന പേര് സമ്മാനിച്ചത്.
മധുരപലഹാരങ്ങളില്‍ ഒതുങ്ങിനില്ക്കാതെ റസ്റ്ററന്റ് മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ വളര്‍ച്ചയുടെ വേഗം കൂടി.
ഇഡ്ഡലി, ദോശ, ഊണ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം ചാറ്റ് വിഭവങ്ങളും പലഹാരങ്ങളും ഉള്‍പ്പെടുത്തി വിപുലമായ ഭക്ഷണശൃംഖലയായി അഡയാര്‍ ആനന്ദഭവന് മാറി. പിന്നീട് രാജ്യത്തിന് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിച്ചു.






