
മുംബൈ: അമേരിക്കയിലെ സ്വകാര്യ ഇന്‍വെമെന്റ് സ്ഥാപനമായ അഡ്വെന്റ് ഇന്റര്‍നാഷണല്‍, വേള്‍പൂള്‍ ഇന്ത്യയുടെ 31 ശതമാനം ഓഹരികള്‍ വാങ്ങിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏകദേശം 9682.88 കോടി രൂപയുടേതാകും ഇടപാട്.
ഡിസംബറോടെ ഇടപാട് അന്തിമമായേക്കും. യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഉപഭോഗ ഉപകരണമേഖലയിലെ ഇവരുടെ മൂന്നാമത്തെ വലിയ നിക്ഷേപമാകുമത്. അഡ്വെന്റ് ഇതിനോടകം ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, യൂറേക്ക ഫോര്‍ബ്‌സ് എന്നിവയെ ഏറ്റെടുത്തിട്ടുണ്ട്.
വേള്‍പൂള്‍ കോര്‍പ്പറേഷന്‍ ആഗോള തലത്തില്‍ തങ്ങളുടെ ബിസിനസ് പുനസംഘടിപ്പിക്കുകയാണ്. 2022 അവസാനം 1.5 ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന്, കടം കുറയ്ക്കാന്‍ അനുബന്ധ കമ്പനികള്‍ വിറ്റഴിക്കുന്നു. 2024 ഫെബ്രുവരിയില്‍, ഇന്ത്യന്‍ വിഭാഗം 24.7 ശതമാനം ഓഹരി 4039 കോടി രൂപയ്ക്ക് സ്ഥാപന നിക്ഷേപകര്‍ക്ക് കൈമാറി.
2025 ഒക്ടോബറില്‍ വേള്‍പൂള്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ഇന്ത്യന്‍ വിഭാഗവുമായി നിരവധി ദീര്‍ഘകാല കരാറുകള്‍ ഒപ്പുവെച്ചു. 30 വര്‍ഷത്തെ ബ്രാന്‍ഡ് ലൈസന്‍സ്, 10 വര്‍ഷത്തെ ടെക്‌നോളജി ലൈസന്‍സ്, സേവന കരാറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ വേള്‍പൂള്‍ ഇന്ത്യയ്ക്ക് ബ്രാന്‍ഡും ടെക്‌നോളജിയും ഉപയോഗിക്കാനുള്ള തുടര്‍ച്ചയായ അവകാശം ലഭ്യമായി. ഇടപാട് നടക്കാതെ പോയാല്‍ വേള്‍പൂള്‍ ഇന്ത്യ ബ്ലോക്ക് ഡീല്‍ വഴി ഓഹരി വിറ്റഴിക്കാന്‍ സാധ്യതയുണ്ട്.






