
കേരളത്തിൽ ചെറുകിട കേബിൾ ടിവി പ്രവർത്തനങ്ങൾ വലിയ സാമ്പത്തിക പരാധിനതകളും സാങ്കേതിക സങ്കീർണ്ണതകളും നേരിട്ട തൊണ്ണൂറുകളിൽ തന്നെയാണ് ബഹുഭൂരിപക്ഷം കേബിൾ ടിവി പ്രവർത്തകരുടെയും ആവശ്യങ്ങൾക്ക് അത്താണിയായി ‘കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ’ അല്ലെങ്കിൽ സി ഒ എ എന്ന സംഘടന ഉദയം കൊണ്ടത്.സ്വയം തൊഴിൽ കണ്ടെത്തി കേബിൾ ടിവി സംരംഭകരായവരുടെ ഒട്ടേറെ ജീവിത ദൈന്യതകൾക്ക് മുന്നിൽ സംഘടന ഒരു വലിയ ആശ്രയസ്ഥാനവും അവലംബവുമായി നിന്നു.കുത്തക കമ്പനിയുടെ കേബിൾ ടിവി നെറ്റ്‌വർക്കിനായി ഇലക്ട്രിക് പോസ്റ്റുകൾ സര്ക്കാർ നൽകിയതിനെതിരെയും കേബിൾ ടിവിയ്ക്ക് ആഡംബര നികുതി ചുമത്തിയതിയതിനെതിരെയും സംഘടന കടുത്ത പ്രതിരോധം ചമച്ചു.ഒരു പരിധിവരെ അതിൽ വിജയം നേടുകയും ചെയ്തു.തൊഴിലിൻ്റെ സംരക്ഷണത്തിൽ ഒരു സംഘടന പുലർത്തിയ കണിശതയെ അത് ബോധ്യമാക്കുന്നുണ്ട്.പിന്നീട് ‘ കേരള കമ്മ്യൂണിക്കേറ്റെഴ്സ് കേബിൾ ലിമിറ്റഡ് ‘എന്ന പേരിൽ ഒരു കമ്പനിയുടെ രൂപീകരണം സാധ്യമാക്കുന്നതും സംരംഭക സഹകരണത്തിൻ്റെ ഈ ആദ്യവിജയം തന്നെയാകും.
‘കേരളാ വിഷൻ’ എന്ന പേരിൽ മലയാളി ജീവിതത്തിൻ്റെ ഭാഗമെന്ന നിലയിൽ നിത്യസുഭഗത യാർന്ന ഒരു കാലഘട്ടമാണ് കടന്നു പോയത്. ചെറുകിട സംരംഭകർ തന്നെ പങ്കാളികളായി നിലവിൽ വന്ന സംരംഭം സഹരണാടിസ്ഥാനത്തിലുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനം എന്ന നിലയിൽ വളർന്നു.രാജ്യത്തെ മുൻനിര ഡിജിറ്റൽ കേബിൾ ശൃംഖലകൾക്കൊപ്പം കമ്പനി ഇന്ന് മുന്നേറ്റത്തിൻ്റെ ഗിരിനിരകൾ പിന്നിടുകയാണ്.മൂന്ന് ദശലക്ഷത്തിൽ അധികം വരുന്ന കണക്ഷനുകളും ആയി മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ മുൻ നിരയിലാണ് കമ്പനി. കൂടുതൽ ഓപ്പറേറ്റർമാരുടെ പങ്കാളിത്തവും സേവനത്തിലെ സാങ്കേതികത്തികവും ഉപഭോക്താക്കളുമായുള്ള ഉറ്റ ബന്ധവും വളർച്ചയിൽ എന്നും നിർണായകമായിട്ടുണ്ട്.കടുത്ത മത്സരത്തിൽ കമ്പനികളെ പ്രതിരോധിക്കുന്നതിനൊപ്പം സ്വയം വളരുകയും വേണമെന്ന ബോധ്യം കേരളാ വിഷന് കൈമുതലായുണ്ട്.വൻകിട കമ്പനികളുടെ കുത്തൊഴുക്കിലും ചെറുകിടക്കാർക്ക് വളരാൻ കഴിയുമെന്ന് കമ്പനി തെളിയിക്കുന്നു.
ഡിജിറ്റൽ സേവനങ്ങൾക്ക് വലിയ പ്രാമാണ്യമുള്ള ലോകത്ത് അതിവേഗ ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ‘കേരളാ വിഷൻ ബ്രോഡ് ബാൻഡ് ലിമിറ്റഡ് എന്ന കമ്പനിയും ഇതോടൊപ്പം രൂപീകരിച്ചു.ഒന്നര ദശലക്ഷത്തോളം കണക്ഷനുമായി രാജ്യത്തെ മുൻ നിര ഇൻ്റർനെറ്റ് സേവന ദാതാവായി കമ്പനി ഇന്ന് മാറുന്നു.ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന ടോട്ടൽ സർവീസ് പ്രൊവൈഡ് വിഭാഗത്തിനും തുടക്കം കുറിച്ചു. രണ്ട് കമ്പനികളിൽ നിന്നായി മൊത്തം വരുമാനം ഈ വർഷം 1400 കോടിയിൽ എത്തുന്നതായാണ് വ്യക്തമാകുന്നത്.ഇത് കൂടാതെ ടൂറിസം,ഹോസ്പിറ്റാലിറ്റി,ഭൂഗർഭ ഫൈബർ ശൃംഖല, തുടങ്ങിയ രംഗങ്ങളിലും കമ്പനി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോ ഓപറേറ്റിവ് സംരംഭകത്വത്തിൻ്റ തിളക്കമാർന്ന ഒരു വിജയകഥയാണ് ‘കേരളാ വിഷൻ’ ഇവിടെ ആലേഖനം ചെയ്യുന്നത്.പ്രൊഫഷണൽ മാനേജ്മെൻ്റ് വൈദഗ്ധ്യത്തിൻ്റെ ചേരുവകൾ അതിൽ കൃത്യമായി അടങ്ങിയിട്ടുണ്ട് എന്നതു ശരിതന്നെയെങ്കിലും ആഴമുള്ള ഉപഭോക്തൃ ബന്ധവും അർപ്പണബൂദ്ധ്യാ ഉള്ള സേവനവും മികവും വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു എന്ന് തന്നെയാണ് കരുതേണ്ടത്.പ്രവർത്തന വൈവിധ്യത്തിൻ്റെ സഫലമായ കുറെ വർഷങ്ങളാണ് കേരളാവിഷൻ പിന്നിടുന്നത്.കേരളത്തിൻ്റെ സഹകരണ മേഖലയെ സംബന്ധിച്ചും അത് മുതൽക്കൂട്ടാവുന്നുണ്ട്.






