മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ശക്തമായ മുന്നേറ്റം ദൃശ്യമായി. ഇതിനെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 11 ലക്ഷം കോടി രൂപക്ക് മുകളിലേക്ക് ഉയര്‍ന്നു.
ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഈ നിലവാരത്തിലേക്ക് വിപണിമൂല്യം ഉയരുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, അദാനി പവര്‍, എസിസി, അംബുജാ സിമന്റ്‌സ്, എന്‍ഡിടിവി എന്നീ പത്ത് അദാനി ഓഹരികളും ഇന്നലെ നേട്ടം രേഖപ്പെടുത്തി. 10 ശതമാനം വരെയാണ് ഓഹരി വില ഉയര്‍ന്നത്.
ഓഹരി വിലയിലെ മുന്നേറ്റത്തെ തുടര്‍ന്ന് ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം മെയ് 23നു ശേഷം ആദ്യമായി മൂന്ന് ലക്ഷം കോടി രൂപക്ക് മുകളിലേക്ക് ഉയര്‍ന്നു.
ഇന്നലെ വ്യാപാരത്തിനിടെ 2665 രൂപ വരെയാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഉയര്‍ന്നത്. അബുദാബി നാഷണല്‍ എനര്‍ജി കമ്പനി പി ജെ എസ് സി (ടിഎക്യുഎ) അദാനി ഗ്രൂപ്പിന്റെ ഊര്‍ജ ബിസിനസില്‍ 250 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
അതേ സമയം ഈ വാര്‍ത്തയില്‍ സത്യമില്ലെന്ന് ടിഎക്യുഎ വ്യക്തമാക്കി. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രണ്ടാമത്തെ വലിയ ഓഹരിയാണ് ടിഎക്യുഎ.
ജിക്യുജി പാര്‍ട്‌ണേഴ്‌സ് അദാനി പവറിന്റെ 31 കോടി ഓഹരികള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അദാനി പവറിന്റെ ഓഹരി വില ഇന്നലെ വ്യാപാരത്തിനിടെ പത്ത് ശതമാനത്തിലേറെ ഉയര്‍ന്നു.