അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ സ്ഥാനം പിടിച്ചേക്കും. ശ്രീ സിമന്റ്‌സിനായിരിക്കും നിഫ്‌റ്റിയിലെ സ്ഥാനം നഷ്‌ടപ്പെടുന്നത്. സെപ്‌റ്റംബര്‍ 30ന് ആയിരിക്കും ഈ മാറ്റം നിലവില്‍ വരുന്നത്. ഓഗസ്റ്റ് രണ്ടാം പകുതിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ഈയിടെ ലിസ്റ്റ് ചെയ്‌ത എല്‍ഐസി നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയില്‍ ഇടം പിടിച്ചേക്കും. നിഫ്‌റ്റി 100 സൂചികയിലെ നിഫ്‌റ്റി 50യില്‍ ഉള്‍പ്പെട്ട ഓഹരികള്‍ ഒഴികെയുള്ളവയാണ് നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയിലുള്ളത്. ടാറ്റാ പവര്‍, അദാനി വില്‍മാര്‍, ഐആര്‍സിടിസി, മതേഴ്‌സണ്‍ സുമി സിസ്റ്റംസ്, എംഫാസിസ്, ശ്രീ സിമന്റ്‌സ് എന്നിവയും നിഫ്‌റ്റി നെക്‌സ്റ്റ് 50യില്‍ ഉള്‍പ്പെട്ടേക്കും. ലുപിന്‍, ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, സൈഡഡ് ലൈഫ് സയന്‍സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെയില്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ നിഫ്‌റ്റി നെക്‌സ്റ്റ് 50യില്‍ നിന്ന് ഒഴിവാക്കപ്പെടും.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്ക് നിലവില്‍ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പല കമ്പനികളേക്കാളും ഉയര്‍ന്ന വിപണിമൂല്യമുണ്ട്. എന്നാല്‍ ഇവ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് നിഫ്‌റ്റിയില്‍ സ്ഥാനം ലഭിക്കാത്തത്. നിഫ്‌റ്റിയില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കണം.