
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ തങ്ങൾ 2016 മുതൽ അന്വേഷണം നടത്തുന്നുവെന്ന വാദം തെറ്റാണെന്ന് സെബി സുപ്രീംകോടതിയെ അറിയിച്ചു.
അദാനി– ഹിൻഡൻബർഗ് വിവാദത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള കേസിൽ ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ വാദം ഉന്നയിച്ചിരുന്നു.
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി, സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് 51 കമ്പനികൾക്കെതിരെ 2016 മുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിൽ അദാനിയുടെ കമ്പനികളും ഉൾപ്പെടുന്നുവെന്നുമായിരുന്നു വാദം. ഇത് തെറ്റാണെന്ന് സെബി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അന്വേഷണം വേഗം പൂർത്തിയാക്കിക്കുന്നതു തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേക്കാമെന്നതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടിയെങ്കിലും സമയം നീട്ടിനൽകണമെന്ന് സെബി വീണ്ടും ആവശ്യപ്പെട്ടു.
ഇത് കോടതി ഇന്നു പരിഗണിക്കും. സെബിക്ക് നൽകിയിരുന്ന 2 മാസം സമയം അവസാനിച്ചത് മേയ് രണ്ടിനാണ്.
അദാനി ഗ്രൂപ്പിനെതിരെ സെബി 2021ൽ അന്വേഷണം നടത്തിയതിന് പാർലമെന്റ് രേഖകൾ തെളിവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേഷ്.
ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിനു മുൻപ് തന്നെ സെബി അദാനി ഗ്രൂപ്പ് കമ്പനികൾക്കുമേൽ അന്വേഷണം നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് 2021 ജൂലൈ 19ൽ ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
2021ൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചു.






