
മുംബൈ: നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ തിരിച്ചടികൾക്കുശേഷം മികച്ച നേട്ടമുണ്ടാക്കി എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾ അറ്റാദായത്തിൽ 68.3 ശതമാനം വളർച്ച നേടി. ഇതോടെ ഈ കമ്പനികളുടെ മൊത്തം ലാഭം 30,103 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം ലാഭമായ 77,281 കോടി രൂപയുടെ 39 ശതമാനത്തോളം ഈ പാദത്തിലൂടെ മാത്രം സമാഹരിക്കാനായി.
മൂന്നു കമ്പനികളുടെയും കൂടി മൊത്തം വരുമാനം മുൻവർഷത്തെ 4.35 ലക്ഷം കോടി രൂപയിൽനിന്ന് 5.60 ലക്ഷം കോടിയായി. 29 ശതമാനമാണ് വർധന. ചില്ലറ വില്പനയിലെ വിലനിയന്ത്രണങ്ങൾ തുടരുമ്പോഴും ക്രൂഡ് ഓയിൽ സംസ്‌കരണത്തിൽനിന്നുള്ള ഉയർന്ന ആദായവും ഇടയ്ക്കിടെയുണ്ടായ ക്രൂഡ് വിലയിടിവുമാണ് ഈ നേട്ടത്തിനു പിന്നിൽ.
ജൂൺ പകുതിമുതൽ ഓഗസ്റ്റ് പകുതിവരെ ആഗോളവിപണിയിൽ ക്രൂഡ് വിലയിലുണ്ടായ താത്കാലിക കുറവ് കമ്പനികളുടെ ഇന്ധനസംസ്‌കരണച്ചെലവ് കുറയ്ക്കാൻ സഹായിച്ചു.
എണ്ണസംസ്‌കരണത്തിനു പുറമേ, പെട്രോകെമിക്കൽ, വാതകം എന്നീ മേഖലകളിൽനിന്നുള്ള ഉയർന്ന ആദായനിരക്ക് വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കി. അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് മൂല്യവർധിത പെട്രോളിയം ഉത്പന്നങ്ങളാക്കുമ്പോൾ ലഭിക്കുന്ന ആദായത്തിലെ വർധന കമ്പനികളുടെ പ്രവർത്തനലാഭം ഉയർത്തി.






