
കോട്ടയം: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് A+ ആയി ഉയർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്.
ആയിരത്തിലധികം ശാഖകളിലൂടെ സ്വർണപ്പണയ വായ്പാ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചാ പദ്ധതികള്‍ക്ക് റേറ്റിംഗ് നേട്ടം കരുത്താകുമെന്ന് കമ്പനി അറിയിച്ചു.
അടുത്ത ഘട്ടത്തില്‍ ബിസിനസ് 12,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ പറഞ്ഞു. ശാഖകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കല്‍, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തല്‍, സുസ്ഥിര വളർച്ച എന്നിവയ്ക്ക് മുൻഗണന നല്‍കും. മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാരംഭ ഓഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള സാദ്ധ്യതകളും പരിഗണിക്കുന്നുണ്ട്.
ദീർഘകാല സാമ്പത്തിക ബാധ്യതകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കാനുള്ള ശേഷിയെക്കുറിച്ചുള്ള റേറ്റിംഗ് ഏജൻസിയുടെ വിലയിരുത്തലാണ് ക്രെഡിറ്റ് റേറ്റിംഗ്.
A+ എന്നത് A വിഭാഗത്തിലെ താരതമ്യേന ഉയർന്ന റേറ്റിംഗാണ്. കമ്പനിയുടെ വളർച്ചയ്ക്കും ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും വിശ്വാസത്തിനും ഈ നേട്ടം പ്രചോദനമാകുമെന്ന് മാത്യു കെ. ചെറിയാൻ പറഞ്ഞു.






