പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

കെഎസ്എഫ്ഇയിലുടെ കൈപിടിച്ച ഒരു ചിട്ടിക്കഥ

 രേഷ്മ കെ എസ്

തിരുവനന്തപുരം: കേരളത്തിൽ ചിട്ടി എന്നത് വെറും സാമ്പത്തിക ഇടപാട് മാത്രമല്ല, വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും കഥയാണ്. ലോകത്തിന്റെ പല കോണുകളിലും ഹുയ്, ടോണ്ടൈൻസ്, കുന്ദിനാസ് പോലുള്ള മാതൃകകൾ നിലനിന്നിരുന്നുവെങ്കിലും, കേരളത്തിൽ അത് ‘കുറി’ എന്ന പേരിലാണ് വീടുകളിലേക്കെത്തിയത്. ഈ പാരമ്പര്യത്തെ സർക്കാർ സുരക്ഷിതമാക്കി പൊതുമേഖലയിൽ കൊണ്ടുവന്നതാണ് 1969-ൽ ജനിച്ച കെഎസ്എഫ്ഇ; ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേടിയ ഇന്ത്യയിലെ മുൻ നിര ചിട്ടി സ്ഥാപനം. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ അഞ്ച് മാസം മുൻപ് തന്നെ ലക്ഷ്യം പൂർത്തിയാക്കാൻ കെഎസ്എഫ്ഇ സഞ്ചരിച്ച വഴികളും ലളിതമായിരുന്നില്ല.

കുറിയുടെ ചരിത്രം

ഏഷ്യയിലും ആഫ്രിക്കയിലും ഇത്തരം സംവിധാനം കുറഞ്ഞത് 2000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വ്യാപാരികളും ഗ്രാമീണ കൂട്ടായ്മകളും ചേർന്ന് 100 വർഷം മുൻപ് തന്നെ കേരളം, തമിഴ്നാട്, കര്‍ണാടക മേഖലകളിൽ ചിട്ടി വ്യാപകമായി നടപ്പിലാക്കിയിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ 1914-ലെ മദ്രാസ് പ്രസിഡൻസി ചിറ്റ് ഫണ്ട്സ് ആക്ട് വഴി ചിട്ടി നിയമപരമായി അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്തു.1982-ൽ കേന്ദ്ര ചിറ്റ് ഫണ്ട്സ് ആക്റ്റ് വഴി രാജ്യത്തുടനീളം പൊതുവായ നിയമങ്ങൾ കൊണ്ടുവന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങൾ ഇന്നും ചിട്ടി വ്യാപാരത്തിന്റെ കേന്ദ്രങ്ങളാണ്.

കേരളത്തിന്റെ കുറി

കേരളത്തിൽ ‘കുറി’ എന്ന പേരിലാണ് ചിട്ടി പഴയ കാലത്ത് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ചിട്ടി വ്യവസായം ഒരിക്കൽ ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളുടെ സാമ്പത്തിക രക്ഷാകവചമായിരുന്നു. കുടുംബ ചെലവുകൾ, കുട്ടികളുടെ പഠനം, വിവാഹം, ഗൃഹ നിർമാണം എന്നിവയെല്ലാം ചിട്ടിയുടെ കൈത്താങ്ങോടെ നടന്നിരുന്നു. പല ഗ്രാമങ്ങളിലും ‘ചിട്ടിക്കൂട്’ സാമൂഹിക ഇടപെടലിന്റെ കേന്ദ്രവുമായിരുന്നു. വ്യാപാര കേന്ദ്രങ്ങളായ കൊച്ചി,കോഴിക്കോട്,തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യം വ്യാപകമായി ചിട്ടി നടന്നത്. നാട്ടുകാർ തമ്മിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ചിട്ടികൾ, പിന്നീട് സ്വകാര്യ സ്ഥാപനങ്ങളായും വ്യാപാരിയായി വളർന്നു.1969-ൽ ഇഎംഎസിന്റെ സപ്ത കക്ഷി സർക്കാരിലെ ധന മന്ത്രി പികെ കുഞ്ഞിന്റെ നേതൃത്വത്തിൽ കെഎസ്എഫ്ഇ സ്ഥാപിച്ച് ചിട്ടി മേഖലയിൽ സുരക്ഷിതവും നിയന്ത്രിതവുമായ സേവനത്തിന് തുടക്കമിട്ടു.

സ്വകാര്യ ചിട്ടികളുടെ കാലം

1960-70 കാലഘട്ടത്തിലാണ് സ്വകാര്യ ചിട്ടി കമ്പനികൾ സംസ്ഥാനത്ത് കുത്തനെ വളർന്നത്. ചെറുകിട വ്യാപാരികളും സാധാരണ കുടുംബങ്ങളും തമ്മിൽ വായ്പ-നിക്ഷേപ ഇടപാടുകൾക്ക് വഴിയൊരുക്കി. എന്നാൽ, നിയന്ത്രണങ്ങളുടെ അഭാവം പലപ്പോഴും വലിയ പ്രശ്നങ്ങളുണ്ടാക്കി. ചില കമ്പനികൾ പണവുമായി മുങ്ങുകയും നിക്ഷേപകർക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.

കെഎസ്എഫ്ഇയുടെ വരവ്

സ്വകാര്യ ചിട്ടി സ്ഥാപനങ്ങളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, സർക്കാരിന്റെ ഗ്യാരന്റിയോടു കൂടിയ വിശ്വസ്ത സേവനം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെഎസ്എഫ്ഇ രൂപീകരിക്കുന്നത്. 10 ശാഖകളും 45 ജീവനക്കാരുമായിരുന്ന കെഎസ്എഫ്ഇ, ഇന്ന് 683 ശാഖകളും 9000-ൽ അധികം ജീവനക്കാരുമായി, ദേശീയ തലത്തിലെ തന്നെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമായി മാറി. ഒരു ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ് കൈവരിച്ച ഇന്ത്യയിലെ ആദ്യ മിസലേനിയസ് നോൺ-ബാങ്കിംഗ് കമ്പനിയെന്ന നേട്ടവും കെഎസ്എഫ്ഇ സ്വന്തമാക്കി.

നിക്ഷേപകരുടെ വിശ്വാസം നേടിയ കെഎസ്എഫ്ഇ മിതമായ പലിശ നിരക്കിൽ വായ്പക്കാരെ ആകർഷിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കൊപ്പം മൊബൈൽ ആപ്പ്, ഓൺലൈൻ പണമിടപാട് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും സജ്ജമാക്കി. ചിട്ടിക്കൊപ്പം സ്വർണ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയിലൂടെ വിപുലീകരണവും നടത്തി. സ്വകാര്യ മേഖലയിലെ ശക്തമായ മത്സരം, ബാങ്കുകളും ഫിൻടെക് കമ്പനികളും അവതരിപ്പിക്കുന്ന കുറഞ്ഞ പലിശ വായ്പകൾ, ഡിജിറ്റൽ വായ്പ-സേവിംഗ് ആപ്പുകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന യുവതലമുറയുടെ സാമ്പത്തിക ശീലങ്ങളിൽ വന്ന മാറ്റവുമെല്ലാം വെല്ലുവിളിയായെങ്കിലും കെഎസ്എഫ്ഇ അതിനെയെല്ലാം മറികടന്നാണ് നേട്ടം കൈവരിച്ചിരിക്കുന്നതെന്നത് ഏറെ അഭിനന്ദനാർഹമാണ്.

ഭാവി

സ്വകാര്യ സ്ഥാപനങ്ങൾ പലതും പൂട്ടി പോവുകയോ ശോഷിക്കുകയോ ചെയ്തിട്ടും, സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇ സ്ഥിരതയോടെ മുന്നേറുകയാണ്. കേരളത്തിന്റെ വിശ്വാസത്തെ മൂലധനമാക്കി, ലോക വിപണിയിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുകയാണ് കെഎസ്എഫ്ഇ.
കെഎസ്എഫ്ഇ നിലവിൽ പ്രവാസി മലയാളികൾക്കായി ‘പ്രവാസി ചിട്ടി’ പദ്ധതി നടപ്പിലാക്കി, ആഗോളതലത്തിലേക്കുള്ള വ്യാപനമാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഓരോ പഞ്ചായത്തിലും ശാഖ തുറക്കാനും യുവജനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആരംഭിക്കാനുമെല്ലാം കെഎസ്എഫ്ഇക്ക് പദ്ധതിയുണ്ട്.

ഡിജിറ്റൽ മാറ്റം, സർക്കാർ നിയന്ത്രണം, പ്രവാസി മലയാളികൾക്കായുള്ള പ്രത്യേക പദ്ധതികൾ, ഗ്രാമീണ വിപുലീകരണം, കടുത്ത വിപണി മത്സരം തുടങ്ങിയ ഘടകങ്ങളാകും ഭാവിയിൽ സംസ്ഥാനത്തെ ചിട്ടിയുടെ ഭാവി നിർണയിക്കുക. സുതാര്യതയും സാങ്കേതിക നവീകരണവും ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളാകും മുന്നേറുക. ഒരു വശത്ത് നിയമത്തിന്റെ കരുത്തും, മറുവശത്ത് വിപണിയുടെ അനിശ്ചിതത്വവും ഇവയ്ക്കിടയിലൂടെ വഴിയൊരുക്കുകയാണ് കേരളത്തിലെ ചിട്ടി വ്യവസായം.

X
Top