
മൂന്ന് വര്‍ഷം മുമ്പാണ് കോവിഡ് ഭീതിയെ തുടര്‍ന്ന് ഓഹരി വിപണി 10 ശതമാനം ഇടിവ് നേരിട്ടത്. കോവിഡിനെ നേരിടാനായി ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഓഹരി വിപണിയെ തകര്‍ച്ചയിലേക്ക് നയിച്ചു.
അതേ സമയം ആ തകര്‍ച്ചയില്‍ നിന്നും ഓഹരി വിപണി നടത്തിയ കരകയറ്റം വിസ്‌മയകരമായിരുന്നു. 2020 മാര്‍ച്ച് 24ന് രേഖപ്പെടുത്തിയ നാല് വര്‍ഷത്തെ താഴ്‌ന്ന നിലവാരമായ 7511 പോയിന്റില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിഫ്‌റ്റി 2.3 മടങ്ങാണ് ഉയര്‍ന്നത്.
മൂന്ന് വര്‍ഷം മുമ്പുണ്ടായ തകര്‍ച്ചയ്‌ക്കു ശേഷം വിപണിയിലെ 631 ഓഹരികളാണ് ഇരട്ടിയിലേറെ നേട്ടം നല്‍കിയത്. ആയിരം കോടിയില്‍ പരം വിപണിമൂല്യമുള്ള ഓഹരികളുടെ കൂട്ടത്തില്‍ പെട്ടവയാണ് ഇവ. ഇതില്‍ 34 ഉം നിഫ്‌റ്റി ഓഹരികളാണ്.
റിലയന്‍സ് ഇന്റസ്‌ട്രീസ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എസ്‌ബിഐ, ഐടിസി, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍&ടി, ടൈറ്റാന്‍ കമ്പനി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഈ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മിഡ്‌കാപ് വിഭാഗത്തില്‍ മള്‍ട്ടിബാഗറുകള്‍ ആയി മാറിയ ഓഹരികളുടെ കൂട്ടത്തില്‍ വൊഡാഫോണ്‍ ഐഡിയ, ഇന്ത്യ സിമന്റ്‌സ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ഹാവെല്‍സ് ഇന്ത്യ, എം&എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അംബുജ സിമന്റ്‌സ്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, എല്‍&ടി ടെക്‌നോളജി സര്‍വീസസ്, ഐആര്‍സിടിസി, എല്‍ടിഐ മൈന്റ് ട്രീ, വേദാന്ത, ടാറ്റാ പവര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ ഓഹരികള്‍ 2020 മാര്‍ച്ചിനു ശേഷം 100 ശതമാനം മുതല്‍ 500 ശതമാനം വരെ ഉയര്‍ന്നു.
സ്‌മോള്‍കാപ് വിഭാഗത്തില്‍ 61 ഓഹരികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ആയിരം ശതമാനത്തിലേറെ നേട്ടം നല്‍കി.
കെപിഐടി, ടെക്‌നോളജീസ്, പിടിസി ഇന്റസ്‌ട്രീസ്, ടാറ്റാഗഡ് വാഗണ്‍സ്, ഗ്ലോബസ് സ്‌പിരിട്ട്‌സ്, ഒലെക്‌ട്ര ഗ്രീന്‍ടെക്, ജിന്റാല്‍ സ്റ്റെയിന്‍ലെസ്, ശ്രീ രേണുക ഷുഗേഴ്‌സ്, പൂനവാല ഫിന്‍കോര്‍പ്, തന്‍ല പ്‌ളാറ്റ്‌ഫോംസ്, തേജസ് നെറ്റ്‌വര്‍ക്‌സ്, ടാറ്റാ ടെലിസര്‍വീസസ് (മഹാരാഷ്‌ട്ര), സിജി പവര്‍ ആന്റ് ഇന്റസ്‌ട്രിയല്‍ സൊല്യൂഷന്‍സ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.






