സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

കെഎസ്ആർടിസിക്ക് മൂന്ന് വർഷത്തിനിടെ സർക്കാർ നൽകിയത് 5940 കോടി

തിരുവനന്തപുരം: മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി മാത്രം. യാത്രക്കാർക്ക് കിട്ടിയത് 434 പുതിയ ബസുകൾ മാത്രമാണ്.

ഇതിനിടെ കാലപ്പഴക്കത്തിൽ 1047 ബസുകൾ പൊളിച്ചുവിറ്റു. 1736 ബസുകളാണ് കോവിഡിനെത്തുടർന്ന് നിർത്തിയിട്ടത്. ഇവയിൽ പകുതിയും ഉപേക്ഷിക്കേണ്ടി വന്നു.

പൊതുഗതാഗതത്തിന്റെ ഭാവിവികസനം കൂടി കണക്കിലെടുത്ത് സർക്കാർ സഹായധനം വിനിയോഗിക്കാൻ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതിമാസ പെൻഷനുള്ള 70 കോടിയും ശമ്പളത്തിനുള്ള 50 കോടിയും സർക്കാർ സഹായത്തിൽനിന്നാണ് കണ്ടെത്തുന്നത്. ശമ്പളവും പെൻഷനും ഏറ്റെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ വായ്പയായിട്ടാണ് അനുവദിക്കുന്നത്.

തിരിച്ചടയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ എഴുതിത്തള്ളുകയാണ് പതിവ്. ജൂണിലെ കണക്കുപ്രകാരം നിലവിൽ 12,372 കോടിയാണ് സർക്കാരിനു നൽകേണ്ടത്.

കൂടുതൽ ബസുകളിറക്കി വരുമാനം വർധിപ്പിക്കുന്നതിനുപകരം സർക്കാർ സഹായത്തിൽനിന്ന് ശമ്പളവും പെൻഷനും കൊടുത്ത് നീങ്ങുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ മാനേജ്മെന്റിനുമുന്നിൽ മറ്റുവഴികളുമില്ല.

വിദഗ്ധസമിതി ശുപാർശപ്രകാരം സ്ഥിരംജീവനക്കാർ 33,000-ൽനിന്നും 22,000 ആക്കി ചെലവുകുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടാത്തതിനാൽ പ്രതിദിനവരുമാനം 7.50 കോടിയിൽനിന്ന്‌ ഉയർന്നിട്ടില്ല. ഇത് 10 കോടിയാക്കിയാൽ സ്വയംപര്യാപ്തതയിലെത്താം.

10 വർഷം പഴക്കമുള്ള ബസുകൾ പെയിന്റടിച്ച് സൂപ്പർഫാസ്റ്റുകളായി നിരത്തിൽ ഓടിക്കുമ്പോൾ 269 ഡീസൽ ബസുകൾ മാത്രമാണ് പുതിയതായി ഇറങ്ങിയത്. 250 ഇ-ബസുകൾ വാങ്ങാൻ തീരുമാനിച്ചതിൽ 165 എണ്ണമാണ് ലഭിച്ചത്.

സിറ്റി ഓർഡിനറി വിഭാഗത്തിന് ഇലക്‌ട്രിക്‌ ബസുകളും, ദീർഘദൂരപാതകളിൽ ഡീസൽ ബസുകളുമാണ് വിദഗ്ധസമതി ശുപാർശചെയ്തിരുന്നത്. എന്നാൽ, മന്ത്രി മാറിയതിനു പിന്നാലെ ഈ നയത്തിൽ മാറ്റംവന്നതോടെ ബസ് വാങ്ങലും വൈകി.

ചെറുതും വലുതുമുൾപ്പെടെ 400 ഡീസൽ ബസുകൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കേണ്ടതുണ്ട്.

ഇന്ധനവിലയിൽ ഒരുരൂപയുടെ വർധനവുണ്ടായാൽപ്പോലും കെ.എസ്.ആർ.ടി.സി.യുടെ നില കൂടുതൽ പരുങ്ങലിലാകുന്ന സ്ഥിതിയിലാണ്.

X
Top