
മുംബൈ: അനിൽ അംബാനിക്കുമേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 40,000 കോടി രൂപയുടെ പണംതിരിമറിക്കേസ് അന്വേഷണം കടുപ്പിക്കുന്നതിനിടെ, ഇ.ഡിക്ക് മുൻപിലെത്താനുള്ള സമൻസ് രണ്ടാംവട്ടവും അവഗണിച്ച് ഭാര്യ ടീന അംബാനി. ഇ.ഡിയുടെ ന്യൂഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇന്നലെയായിരുന്നു ടീന അംബാനി എത്തേണ്ടിയിരുന്നത്. ഫെബ്രുവരി 9ന് എത്തണമെന്ന നിർദേശവും ലംഘിച്ചിരുന്നു.
അനിൽ അംബാനി നയിച്ച റിലയൻസ് പവർ, റിലയൻസ് കമ്യൂണിക്കേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട പണംതിരിമറികളാണ് ഇ.ഡി അന്വേഷിക്കുന്നത്. അനധികൃതമായി ബാങ്ക് വായ്പകൾ തരപ്പെടുത്തിയശേഷം ഗ്രൂപ്പ് കമ്പനികൾ വഴി തിരിമറി നടത്തിയെന്ന ആരോപണമാണ് അനിൽ അംബാനിക്കുമേലുള്ളത്.
ഇതിന്റെ ഭാഗമായി യുഎഇ, യുഎസ്, യുകെ, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവും ഇ.ഡി നടത്തുന്നുണ്ടെന്നാണ് വിവരം. ഇതോടനുബന്ധിച്ച് അനിൽ അംബാനിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്തെ ആസ്തികൾ, വിദേശ പണമിടപാടുകൾ എന്നിവയെ കുറിച്ചാണ് പ്രധാനമായും ചോദ്യങ്ങളുണ്ടായത്.
കഴിഞ്ഞവർഷം രാജ്യത്ത് അനിൽ അംബാനിയുടെ 46 ഓഫിസുകളിലായി നടത്തിയ പരിശോധനയിലൂടെ 12,000 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.






