കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

40 ശതമാനം വരെ ഇടിവ് നേരിട്ട് ബ്ലൂചിപ്പ് ഓഹരികള്‍

മുംബൈ: വിപണി തകര്‍ച്ച പല ബ്ലൂചിപ്പ് കമ്പനികളേയും തളര്‍ത്തി. എട്ട് ബ്ലൂചിപ്പ് ഓഹരികളുടെ വിലകള്‍ മൂന്നിലൊന്നായി താഴ്ന്നു. ഹെല്‍ത്ത് കെയര്‍, ഐടി,അടിസ്ഥാനസൗകര്യവികസനം, ലോഹം എന്നീ മേഖലകളില്‍ നിന്നുള്ള ഓഹരികളാണ് ഇത്.
അതേസമയം മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഇവയില്‍ ശുഭപ്രതീക്ഷ വച്ച് പുലര്‍ത്തുന്നു. നിലവിലെ തകര്‍ച്ച അതിജീവിച്ച് 70 ശതമാനം വരെ ഉയര്‍ച്ച ഈ ഓഹരികള്‍ കൈവരിക്കുമെന്ന് അവര്‍ പറയുന്നു.

അപ്പോളോ ഹോസ്പിറ്റല്‍
നിഫ്റ്റി50 യില്‍ ഈയിടെ എത്തിയ അപ്പോളോ ഹോസ്പറ്റിലാണ് നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയ ഓഹരികളില്‍ ഒന്നാമത്. 2021 നവംബറില്‍ കുറിച്ച എക്കാലത്തേയും ഉയരമായ 5930.7 രൂപയില്‍ നിന്ന് 39 ശതമാനം താഴെ, 3568.5 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. മാര്‍ച്ചിലവസാനിച്ച പാദ ലാഭത്തില്‍ ഹോസ്പിറ്റല്‍ കുറവ് വരുത്തി.
അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 90 കോടിയായി. കാപിറ്റല്‍ ഗെയ്ന്‍ നികുതിയ്ക്ക് 88.2 കോടി രൂപയുടെ പ്രൊവിഷനുണ്ടാക്കിയതും ഫാര്‍മസി വിതരണ ബിസിനസിന്റെ പുനക്രമീകരണവുമാണ് ലാഭം കുറയ്ക്കാന്‍ ഇടയാക്കിയത്. എന്നാല്‍ എലാറ കാപിറ്റല്‍ കമ്പനിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്.
പുതിയ സൗകര്യങ്ങള്‍, കൂടുതല്‍ ബെഡുകള്‍, ഫാര്‍മസി സ്റ്റോറുകള്‍ എന്നിവ കമ്പനിയ്ക്ക് വളര്‍ച്ചകൊണ്ടുവരുമെന്ന് ബ്രോക്കറേജ് സ്ഥാപനം കരുതുന്നു. 5125 രൂപയാണ് എലാറ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

ടെക് മഹീന്ദ്ര, വിപ്രോ
ഐടി ഭീമന്മാരായ ടെക് മഹീന്ദ്ര, വിപ്രോ എന്നിവര്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും യഥാക്രമം 38 ശതമാനം, 36 ശതമാനം എന്നിങ്ങനെ താഴെയാണ്. ഡിമാന്റ് കുറഞ്ഞതും ഉയര്‍ന്ന ചെലവുകളുമാണ് ഇരുകമ്പനികളേയും തളര്‍ത്തിയത്. അതേസമയം ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാറി വിപ്രോയുടെ റേറ്റിംഗ് ന്യൂട്രലില്‍ നിന്നും ഓവര്‍വെയ്റ്റാക്കി ഉയര്‍ത്തി.
ലക്ഷ്യവില 630 രൂപയില്‍ നിന്നും 660 രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. ക്രെഡിറ്റ് സ്യൂസ്സെ ന്യൂട്രല്‍ റേറ്റിംഗാണ് വിപ്രോയ്ക്ക് നല്‍കുന്നത്. ലക്ഷ്യവില നിശ്ചിയിച്ചിരിക്കുന്നത് 530 രൂപ. കമ്പനിയുടെ ഓഹരി വില ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഒരു ഇക്വിറ്റി അനലിസ്റ്റ് വിശ്വസിക്കുമ്പോഴാണ് അവര്‍ ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നത്.
നിലവിലെ ബെഞ്ച്മാര്‍ക്ക് വെയിറ്റിംഗിനെക്കാള്‍ ഉയര്‍ന്ന വെയ്റ്റിംഗ് അര്‍ഹിക്കുന്ന ഓഹരികള്‍ക്കാണ് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കാറുള്ളത്. വിപണി ഉയരുന്നതിനനുസരിച്ച് വില ഉയര്‍ത്തുന്ന ഓഹരികള്‍ക്കാണ് സാധാരണയായി ന്യൂട്രല്‍ റേറ്റിംഗ് നല്‍കാറുള്ളത്.
മികച്ച ഡീലുകളും കരാറുകളും സാമ്പത്തികവര്‍ഷം 2023 ല്‍ ടെക് മഹീന്ദ്രയെ ഉയര്‍ന്ന സ്ഥാനത്ത് നിര്‍ത്തുന്നതായി ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍ പറഞ്ഞു. ഉയര്‍ന്ന പ്രവര്‍ത്തനചെലവുകളാണ് കമ്പനിയ്ക്ക തലവേദനയാകുക. എങ്കിലും 1426 രൂപയുടെ ലക്ഷ്യവിലയില്‍ വാങ്ങല്‍ നിര്‍ദ്ദേശമാണ് ബ്രോക്കറേജ് സ്ഥാപനം കമ്പനി ഓഹരിയ്ക്ക് നല്‍കുന്നത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്
52 ആഴ്ചയിലെ ഉയര്‍ച്ചയില്‍ നിന്നും 36 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. ലോഹ കമ്പനികള്‍ നേരിട്ട പ്രതിസന്ധിയാണ് കാരണം. എന്നാല്‍ മാര്‍ച്ച് പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ നിക്ഷേപകവിശ്വാസം തിരിച്ചുപിടിക്കാന്‍ കമ്പനിയ്ക്കായി.
നാലാം പാദ അറ്റാദായം 3851 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. എക്കാലത്തേയും വലിയ പാദഫല ലാഭമാണിത്. ഇതോടെ ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ കമ്പനിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി.
580 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 689 ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് മക്വാറി കമ്പനിയ്ക്ക് നല്‍കുന്നത്. ക്രെഡിറ്റ് സ്യുസും 640 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗും നല്‍കുന്നു.
ന്യൂട്രല്‍ അല്ലെങ്കില്‍ ഹോള്‍ഡ് റേറ്റിംഗിന് മുകളിലുള്ളതും ശക്തമായ വാങ്ങല്‍ റേറ്റിംഗിന് താഴെയുമുള്ള റേറ്റിംഗാണ് ഔട്ട്‌പെര്‍ഫോമിംഗ്. കമ്പനി എതിരാളികളേക്കാള്‍ മികച്ച റിട്ടേണ്‍ നിരക്ക് നല്‍കുമെന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ സൂചികയിലെ ഏറ്റവും മികച്ച പ്രകടനം ഓഹരി കാഴ്ചവയ്ക്കില്ല. കഴിഞ്ഞയാഴ്ച ഐടി ഓഹരികള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഡിവിസ് ലാബ്‌സ്
മികച്ച വിലയില്‍ നിന്നും 36 ശതമാനം താഴെയുള്ള ബ്ലൂചിപ്പ് മരുന്ന് നിര്‍മ്മാതാക്കളായ ഡിവിസ് ലാബ്‌സും വാങ്ങല്‍ നിര്‍ദ്ദേശം കരസ്ഥമാക്കി. ഹ്രസ്വകാലത്തില്‍ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ദീര്‍ഘകാലത്തില്‍ ഓഹരി മികച്ച നേട്ടം കൈവരിക്കുമെന്ന് ഷെയര്‍ ഖാന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ 4900 രൂപ ടാര്‍ഗറ്റ് വിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് അവര്‍. മാര്‍ച്ച് പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബിപിസിഎല്‍)
പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍, ഉയര്‍ന്നവിലയില്‍ നിന്നും 35 ശതമാനം താഴെ, 328.1 രൂപയിലാണുള്ളത്. കമ്പനിയുടെ 53 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഈയിടെ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. മോശം സാമ്പത്തിക അന്തരീക്ഷം ചൂണ്ടിക്കാട്ടി കമ്പനികള്‍ പിന്മാറിയതാണ് കാരണം. ഹ്രസ്വകാലത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കമ്പനി ക്രമേണ മികച്ച നേട്ടം കൈവരിക്കുമെന്ന് എംകെയ് ഗ്ലോബല്‍ പറഞ്ഞു. 415 രൂപ ലക്ഷ്യവല നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

ബജാജ് ഫിന്‍സര്‍വ്
നിലവില്‍ 34 ശതമാനം ഇടിവിലാണ് ഓഹരിയുള്ളത്. ഫിനാന്‍സ് ബിസിനസും ഇന്‍ഷൂറന്‍സ് സെഗ്മന്റും വീണ്ടെടുപ്പ് നടത്തുമെന്ന പ്രത്യാശയില്‍ ഐസിഐസിഐ ഡയറക്ട് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു. എന്നാല്‍ ലക്ഷ്യവില 20,000 രൂപയില്‍ നിന്ന് 18,900 രൂപയായി കുറക്കാനും അവര്‍ തയ്യാറായി.

ശ്രീസിമന്റ്
52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 34 ശതമാനം താഴെയാണ് ശ്രീ സിമന്റുള്ളത്. നിഫ്റ്റി 50യില്‍ നിന്ന് കമ്പനി പുറത്താകുമെന്ന് എഡ്ല്‍വെയ്‌സ് ഈയിടെ പറഞ്ഞിരുന്നു. പകരം അദാനി എന്റര്‍പ്രൈസസ് സൂചികയില്‍ അംഗമാകും. എങ്കിലും കമ്പനി ഓഹരി 25,500 രൂപ ലക്ഷ്യവില നിശ്ചയിച്ച് നിലനിര്‍ത്താന്‍ സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ ജൂലിയന്‍ ബെയര്‍ പറയുന്നു. നേത്തെ 28,100 രൂപയാണ് അവര്‍ ലക്ഷ്യവില നല്‍കിയിരുന്നത്.

X
Top