
ന്യൂഡൽഹി: ഒക്ടോബറിൽ ഗോൾഡ് ജ്വല്ലറി കയറ്റുമതി 48.20 ശതമാനം ഉയർന്ന് 1.26 ബില്യൺ ഡോളറിലെത്തി (12,017.78 കോടി രൂപ). ആഗോള വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതി മേഖല. 2026 ഒക്ടോബറിൽ രാജ്യത്തെ മൊത്തം രത്ന, ആഭരണ കയറ്റുമതി 34.01 ശതമാനം വർധിച്ച് 27,862.82 കോടി രൂപയിലെത്തി (2.92 ബില്യൺ ഡോളർ). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19,253.60 കോടി രൂപയായിരുന്നു കയറ്റുമതി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വിദേശ വിപണികളിൽ ഇന്ത്യൻ ആഭരണങ്ങൾക്ക് ലഭിച്ച ശക്തമായ ഓർഡറുകളാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദീപാവലി ആഘോഷങ്ങൾ വന്നതിനാൽ ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ദീപാവലി നവംബറിലായതിനാൽ ഒക്ടോബറിൽ കൂടുതൽ പ്രവൃത്തിദിനങ്ങൾ ലഭിച്ചതും ഉൽപ്പാദനം വേഗത്തിലാക്കാൻ സഹായിച്ചു.
ഒക്ടോബറിൽ ഗോൾഡ് ജ്വല്ലറി കയറ്റുമതി 48.20 ശതമാനം ഉയർന്ന് 1.26 ബില്യൺ ഡോളറിലെത്തി (12,017.78 കോടി രൂപ). ഇതിൽ രത്നങ്ങൾ പതിപ്പിച്ച സ്വർണാഭരണങ്ങളുടെ കയറ്റുമതി 67.30 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തിയപ്പോൾ, പ്ലെയിൻ ഗോൾഡ് ജ്വല്ലറി കയറ്റുമതി 17.54 ശതമാനം ഉയർന്നു.
പോളിഷ് ചെയ്ത ലാബ് ഗ്രോൺ ഡയമണ്ടുകളുടെ കയറ്റുമതിയിൽ 81.02 ശതമാനത്തിന്റെ വൻ വളർച്ചയുണ്ടായി. വെള്ളിയാഭരണങ്ങളുടെ കയറ്റുമതി 55.52 ശതമാനവും വർധിച്ചു. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതി 10.50 ശതമാനം വർധിച്ച് 1.13 ബില്യൺ ഡോളറിലെത്തി.
2026 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസക്കാലയളവിൽ ഇന്ത്യയുടെ മൊത്തം രത്ന, ആഭരണ കയറ്റുമതി 7.28 ശതമാനം വളർന്ന് 17.22 ബില്യൺ ഡോളറിലെത്തി (1,63,961.74 കോടി രൂപ). ഈ കാലയളവിൽ ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതിയിൽ 18.80 ശതമാനവും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 14.87 ശതമാനവും വർധനവുണ്ടായി.
എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യു.എ.ഇയിലേക്കുള്ള കയറ്റുമതി 10.27 ശതമാനം കുറഞ്ഞത് വ്യവസായ മേഖലയിൽ അല്പം ആശങ്കയുണ്ടാക്കുന്നുണ്ട്.
നിലവിലെ മുന്നേറ്റം തടസ്സങ്ങളില്ലാതെ തുടരുകയാണെങ്കിൽ 2026-27 സാമ്പത്തിക വർഷത്തിൽ 10 ശതമാനം കയറ്റുമതി വളർച്ച കൈവരിക്കാനാകുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ.






