
പുനലൂർ: വിജയദശമി ദിനത്തിൽ പുനലൂർ ഐക്കരക്കോണം പബ്ലിക് ലൈബ്രറിക്ക് 2000 പുസ്തകങ്ങൾ സമ്മാനിച്ച് ഏരീസ് ഫാമിലി.
വിജയദശമി ദിനത്തോടനുബന്ധിച്ച് പുനലൂർ ഐക്കരക്കോണം ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് പുസ്തകങ്ങൾ സമ്മാനിച്ചത്. ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒ യുമായ ഡോ. സോഹൻ റോയിയും, പുനലൂർ ഏരീസ് ഫാമിലിയും ചേർന്നാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്. ബ്രാഞ്ച് മാനേജർ രാജേഷ് കുമാർ പുസ്തകങ്ങൾ ലൈബ്രറി പ്രതിനിധികൾക്ക് കൈമാറി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന അക്കാദമിക് നിലവാരമുള്ള പുസ്തകങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ലഭിച്ച എല്ലാ പുസ്തകങ്ങളും ലൈബ്രറിക്കും പുതുതലമുറയ്ക്കും മുതൽക്കൂട്ടാണെന്നും ഏരീസ് ഫാമിലിയുടെ ഇത്തരത്തിലുള്ള മാതൃകാപരമായ സേവനങ്ങൾ നാടിന് അഭിമാനം ആണെന്നും പുസ്തകം ഏറ്റുവാങ്ങിയശേഷം ലൈബ്രറി സെക്രട്ടറി ബി. ചന്ദ്രബാബു പറഞ്ഞു.
രജത ജൂബിലി പദ്ധതികളുടെ ഭാഗമായി പുനലൂർ ഐക്കരക്കോണം കേന്ദ്രീകരിച്ച് ഏരീസ് ഗ്രൂപ്പ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ഡോ.സോഹൻ റോയിയും ഡോ. എൻ. പ്രഭിരാജും പറഞ്ഞു.
വിജയദശമിയോട് അനുബന്ധിച്ച് മറ്റു പരിപാടികളും ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്കുള്ള സൗജന്യ യോഗ ക്ലാസ്, സംഗീത ക്ലാസിന്റെയും പട്ടൗഡി ക്രിക്കറ്റ് അക്കാഡമിയുടെയും പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ , സരസ്വതി അർച്ചന തുടങ്ങിയവ നടന്നു.
അരുൺ കരവാളൂർ അധ്യക്ഷത വഹിച്ചു. ലക്ഷ്മി സ്വാഗതം പറഞ്ഞു. യോഗാചാര്യൻ സുഭാഷ് ബാബു, സംഗീത അധ്യാപിക അർച്ചന, ലൈബ്രറി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.






