
ജർമൻ കാർ ഭീമന്റെ ഇന്ത്യയിലെ ബിസിനസുകൾ ഏറ്റെടുക്കാൻ ഇന്ത്യൻ കമ്പനി. സജ്ജൻ ജിൻഡാൽ ചെയർമാനായ ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ് ഫോക്സ്‍വാഗൻ ഇന്ത്യയെ ഏറ്റെടുക്കുന്നത്. ഫോക്സ്‍വാഗൻ, സ്കോഡ, ഔഡി, പോഷോ, ലംബർഗിനി, ബെന്റ്ലി തുടങ്ങിയ ആറു ബ്രാൻഡുകൾ ഇന്ത്യയിൽ കൈകാര്യം ചെയ്യുന്നത് സ്കോഡ ഓട്ടോ ഫോക്സ്‍വാഗൻ ഇന്ത്യ എന്ന കമ്പനിയാണ്. ഇതിലെ ഭൂരിഭാഗം ഓഹരികളും ജെഎസ്ഡബ്ല്യു ഏറ്റെടുക്കുമെന്ന് ‘ബ്ലൂംബെർഗ്’ റിപ്പോർട്ട്. നിലവിൽ ചൈനീസ് കമ്പനികളായ എംജി മോട്ടറുമായും ചെറിയുമായും ജെഎസ്ഡബ്ല്യുവിന് ഇന്ത്യയിൽ പങ്കാളിത്തമുണ്ട്. സ്വന്തം ബ്രാൻഡിൽ വാഹനങ്ങൾ പുറത്തിറക്കാനും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ തദ്ദേശീയ കമ്പനിയുമായി സഹകരണത്തിന് ഏറെക്കാലമായി ഫോക്സ്‍വാഗൻ ശ്രമിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ സജീവ സാനിധ്യമാണെങ്കിലും വലിയ രീതിയിലുള്ള ഉൽപാദനത്തിേലക്ക് നീങ്ങാൻ ഫോക്സ്‍വാഗന് കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് മഹീന്ദ്ര ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഈ നീക്കം പരാജയപ്പെട്ടു.
മൂന്നു വർഷം മുമ്പാണ് ജെഎസ്ഡബ്ല്യുവുമായി ചർച്ചകൾ തുടങ്ങിയത്. മഹാരാഷ്ട്രയിലെ രണ്ട് നിർമാണ പ്ലാന്റുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ. എന്നാൽ ഫോക്സ്‍വാഗന്റെ മൂല്യനിർണയം, ഇരുകമ്പനികളുടെയും ഓഹരി വിഹിതം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും ധാരണയെത്തിയിട്ടില്ലെന്നാണ് വിവരം. ഇതു വിജയിച്ചാൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് ഫോക്സ്‍വാഗന്റെ വാഹന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം നേടാനും കഴിയുമെന്നാണ് വിലയിരുത്തൽ. ഫോക്സ്‍വാഗന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കും. ഇരുകമ്പനികളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ വിപണിയിലേക്ക് മാത്രമുള്ള മോഡലുകൾ നിരത്തിലിറക്കിയിട്ടും ഫോക്സ്‍വാഗന് വിൽപന ലക്ഷ്യം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ വാഹന വിപണിയിലെ അഞ്ച് ശതമാനം വിഹിതമാണ് ഫോക്സ്‍വാഗൻ ലക്ഷ്യം വച്ചിട്ടുള്ളതെങ്കിലും ഇതുവരെ 2.5 ശതമാനം മാത്രമേ കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ.
ഇടയ്ക്ക് ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഇന്ത്യയിൽ 100 കോടി ഡോളർ കമ്പനി നിക്ഷേപിക്കാൻ ഫോക്സ്‍വാഗൻ തീരുമാനിച്ചിരുന്നു. പിന്നീട് ഇത് 70 കോടി ഡോളറാക്കി കുറച്ചു. ഇന്ത്യയിലെ ബിസിനസിന്റെ ലാഭം ഉയർന്നെങ്കിലും പ്രാദേശിക കമ്പനിയുമായുള്ള സഹകരണത്തിനു ശേഷം കൂടുതൽ നിക്ഷേപം നടത്താമെന്നാണ് കമ്പനിയുടെ ധാരണയെന്നാണ് വിവരം.






