
മുംബൈ: സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കി റിസര്‍വ് ബാങ്ക് . ചെറുകിട നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ (ടി-ബില്ലുകള്‍) സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്.ഐ.പി.) വഴി നിക്ഷേപം നടത്താന്‍ ആര്‍ബിഐ അനുമതി നല്‍കി.
മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം പോലെ, ഇനി സര്‍ക്കാര്‍ കടപ്പത്രങ്ങളിലും എസ്.ഐ.പി.നടത്താം. ദീര്‍ഘകാല നിക്ഷേപ ശീലം വളര്‍ത്താനും സര്‍ക്കാര്‍ ഗ്യാരന്റിയുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കാനും ഇത് സഹായിക്കും. 2021 നവംബറിലാണ് ആര്‍ബിഐ ‘റീട്ടെയില്‍ ഡയറക്ട്’ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു ഇത് സാധാരണക്കാര്‍ക്ക് ആര്‍ബിഐയില്‍ നേരിട്ട് ‘ഗില്‍റ്റ് അക്കൗണ്ട്’ തുറക്കുന്നതിന് അവസരം നല്‍കുന്നു.
ഈ പ്ലാറ്റ്ഫോം വഴി സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ പ്രാഥമിക ലേലത്തില്‍ പങ്കെടുക്കാനും അവ ദ്വിതീയ വിപണിയില്‍ വ്യാപാരം ചെയ്യാനും സാധിക്കും.
പ്ലാറ്റ്ഫോം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2024 മെയ് മാസത്തില്‍ ‘റീട്ടെയില്‍ ഡയറക്ട്’ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ജൂലൈയില്‍ ‘ഓട്ടോ-ബിഡ്ഡിംഗ്’ സംവിധാനം അവതരിപ്പിച്ചുകൊണ്ട് നിക്ഷേപകര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നല്‍കിയിരുന്നു.
ട്രഷറി ബില്ലുകളില്‍ എങ്ങനെ നിക്ഷേപിക്കാം?
ഇന്ത്യന്‍ സര്‍ക്കാര്‍ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ടി-ബില്ലുകള്‍. 14, 91, 182, 364 ദിവസങ്ങള്‍ എന്നിങ്ങനെയുള്ള കാലാവധിയില്‍ ഇവ ലഭ്യമാണ്. ഇവക്ക് പലിശ ലഭിക്കില്ല.
പകരം, യഥാര്‍ത്ഥ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും തിരികെ നല്‍കുകയും ചെയ്യുന്നു. ഈ വ്യത്യാസമാണ് നിക്ഷേപകര്‍ക്കുള്ള നേട്ടം.
ഉദാഹരണത്തിന്, 130 രൂപ മുഖവിലയുള്ള ഒരു 91 ദിവസത്തെ ടി-ബില്‍ 128 രൂപക്ക് വാങ്ങുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 130 രൂപ തിരികെ ലഭിക്കുകയും ചെയ്യുമ്പോള്‍, 2 രൂപ ലാഭം ലഭിക്കുന്നു. കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.
ഇതിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. എസ്.ഐ.പി. സൗകര്യം വരുന്നതോടെ ഓരോ ലേലത്തിലും പ്രത്യേകം പങ്കെടുക്കാതെ തന്നെ ടി-ബില്ലുകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.