
ന്യൂഡൽഹി: ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു. 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ലോകബാങ്ക് 6.6% ല്‍ നിന്ന് 7.1% ആയി ഉയര്‍ത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റിലാണ് ഈ നിര്‍ണായക പ്രഖ്യാപനം. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യാപാര അനിശ്ചിതത്വവും നിലനില്‍ക്കെ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് കാരണം.
വളര്‍ച്ചയുടെ ഈ കുതിപ്പ് ഇടക്കാലത്തും തുടരുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. ഊര്‍ജ വിതരണം 2027 തുടക്കത്തില്‍ സാധാരണ നിലയിലായാല്‍ 2028-ല്‍ വളര്‍ച്ച 7.2% ആയി ഉയരും, 2029-ല്‍ 7% ആയി തുടരും.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 7.8% എന്ന റെക്കോര്‍ഡ് വളര്‍ച്ച നേടിയതാണ് പ്രവചനം ഉയര്‍ത്താന്‍ പ്രധാന കാരണം. റിസര്‍വ് ബാങ്കും ഉടന്‍ തന്നെ തങ്ങളുടെ 6.7% എന്ന പ്രവചനം ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.
സ്വകാര്യ ഉപഭോഗം തന്നെയാണ് വളര്‍ച്ചയുടെ എഞ്ചിന്‍. ആഗോള പ്രതിസന്ധിയിലും കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചതും വ്യവസായ മേഖല കരുത്ത് തെളിയിച്ചതും നേട്ടമായി. ദുര്‍ബലമായ കാര്‍ഷിക മേഖലയെ ഇത് നികത്തും. സര്‍ക്കാരിന്റെ ശക്തമായ പൊതുനിക്ഷേപവും അനുകൂല നയങ്ങളും ആഗോള അനിശ്ചിതത്വത്തില്‍ തളരുന്ന സ്വകാര്യ നിക്ഷേപത്തിന് പരിഹാരമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ പണപ്പെരുപ്പം വെല്ലുവിളിയായി തുടരും. 2026-ലെ 2.1% ല്‍ നിന്ന് 2027-ല്‍ ചില്ലറ പണപ്പെരുപ്പം ശരാശരി 4.8% ആയി ഉയരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടാല്‍ ഊര്‍ജ വില കുതിക്കുകയും ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുകയും ചെയ്യും.
ആഗോള വ്യാപാര സംഘര്‍ഷവും മണ്‍സൂണ്‍ കുറവും അപകടസാധ്യതകളാണ്. എന്നിരുന്നാലും ഉയര്‍ന്ന സബ്സിഡി ചെലവുകള്‍ക്കിടയിലും ധനക്കമ്മി 7.4% ആയി നിയന്ത്രിക്കാന്‍ സര്‍ക്കാരിനായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.






