
ന്യൂഡൽഹി: നവംബറില്‍ മൈനസ് 0.32 ശതമാനമായിരുന്ന മൊത്തവില പണപ്പെരുപ്പ നിരക്ക്, ഡിസംബറില്‍ 0.83 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷമുള്ള ഈ തിരിച്ചുവരവ് വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്.
ഗവണ്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിര്‍മ്മാണ സാമഗ്രികള്‍, മിനറല്‍സ്, മെഷിനറി, ടെക്സ്റ്റൈല്‍സ് എന്നീ മേഖലകളിലുണ്ടായ വിലക്കയറ്റമാണ് ഈ 8 മാസത്തെ ഉയര്‍ന്ന നിരക്കിന് പിന്നില്‍. ശ്രദ്ധേയമായ കാര്യം, റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 0.30 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരനെ സംബന്ധിച്ച് ആശ്വാസകരമായ ചില വാര്‍ത്തകളും ഇതിലുണ്ട്.
നവംബറില്‍ നെഗറ്റീവ് ആയിരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഡിസംബറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. പച്ചക്കറി വിലയില്‍ 3.5% കുറവുണ്ടായി.
സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വിലയില്‍ ഉണ്ടായ വന്‍ ഇടിവ് അടുക്കള ബജറ്റിന് കരുത്തേകുന്നു. സവാള വിലയില്‍ 54.40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.എന്നാല്‍ പാല്‍ വിലയില്‍ 3.23% വര്‍ദ്ധനവ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്.
പണപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൂട്ടാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി പുറത്തുവരുന്ന ഈ കണക്കുകള്‍ വിപണിയില്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.






