
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് തേയിലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡ്. വ്യാപാര പാതകളിലെ തടസ്സങ്ങളും വര്‍ദ്ധിച്ചുവരുന്ന ചരക്ക് കൂലിയും വെല്ലുവിളിയാണെങ്കിലും, ഭാവിയില്‍ വിപണി സാധാരണ നിലയിലാകുമെന്ന ശുഭാപ്തിവിശ്വാസത്തില്‍ കയറ്റുമതിക്കാര്‍ വന്‍തോതില്‍ സ്റ്റോക്ക് ശേഖരിക്കുന്നത് ലേല വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
കൊല്‍ക്കത്ത ലേലത്തില്‍ ഓര്‍ത്തഡോക്‌സ് തേയിലയുടെ ശരാശരി വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 315.26 രൂപയില്‍ നിന്ന് 330.61 രൂപയായി ഉയര്‍ന്നു.
ഇന്ത്യന്‍ ടീ എക്‌സ്‌പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അന്‍ഷുമാന്‍ കനോറിയ പറയുന്നതനുസരിച്ച്, പ്രധാന ഉപഭോഗ രാജ്യങ്ങളിലെ സ്റ്റോക്ക് കുറവായതാണ് വിപണിയെ സജീവമാക്കുന്നത്.
കയറ്റുമതിക്കാര്‍ വലിയ റിസ്‌ക് ഏറ്റെടുത്ത് ഇന്‍വെന്ററികള്‍ വര്‍ദ്ധിപ്പിക്കുന്നത് ഓര്‍ത്തഡോക്‌സ് തേയില വിപണിക്ക് വലിയ കരുത്തേകുന്നു. ഇറക്കുമതി രാജ്യങ്ങളിലെ വിതരണ കുറവ് നികത്താന്‍ പല ഇറക്കുമതിക്കാരും മുന്‍കൂര്‍ പേയ്മെന്റുകള്‍ വരെ നല്‍കി ചരക്ക് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഓഗസ്റ്റ് മാസം വരെ വിപണി വില്‍പ്പനക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്.
പശ്ചിമേഷ്യയിലേക്കുള്ള പ്രധാന കയറ്റുമതി സീസണാണ് ഇത്. ഇറാഖ്, യുഎഇ, ഇറാന്‍, സൗദി അറേബ്യ തുടങ്ങി ഇന്ത്യയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലേക്കുള്ള റൂട്ടുകള്‍ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായി മാറിയെങ്കിലും, ഇതര മാര്‍ഗ്ഗങ്ങളിലൂടെ ചരക്ക് എത്തിക്കാന്‍ കയറ്റുമതിക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
ലോജിസ്റ്റിക്‌സ് ചെലവുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, വിപണിയിലെ കടുത്ത ക്ഷാമം കാരണം ഈ അധിക ചെലവിന്റെ ഒരു ഭാഗം വിലയില്‍ പ്രതിഫലിപ്പിക്കാന്‍ വില്‍ക്കുന്നവര്‍ക്ക് സാധിക്കുന്നുണ്ട്.
മറുഭാഗത്ത്, ലോകത്തിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്‌സ് തേയില വിതരണക്കാരായ ശ്രീലങ്കയില്‍ ഉല്‍പ്പാദനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ഇന്ത്യന്‍ തേയിലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുന്നു. വിളവ് ഉയര്‍ന്നതും വില സ്ഥിരത കൈവരിച്ചതും ഇന്ത്യന്‍ തേയിലത്തോട്ടങ്ങള്‍ക്ക് ആശ്വാസമാണ്.
ആഗോള വിപണിയിലെ ഇത്തരം സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്കിടയിലും, കൃത്യമായ തന്ത്രങ്ങളിലൂടെ വിപണി പിടിച്ചടക്കാനുള്ള ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ശ്രമങ്ങള്‍ വരും മാസങ്ങളിലും വിജയം കാണുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ.






