പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്

ഹൈദരാബാദ്: അമേരിക്ക-ഇസ്രയേല്‍, ഇറാന്‍ യുദ്ധം രാജ്യത്തെ പെട്രോളിയം വിതരണത്തെ സാരമായി ബാധിച്ചിരിക്കുന്നു. അതേസമയം തന്നെ ഈ സംഘര്‍ഷങ്ങള്‍ നമ്മുടെ വ്യവസായരംഗത്തെയും അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. കയറ്റുമതിയെയും ഇറക്കുമതിയെയും ഇത് ഗണ്യമായി ബാധിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ കാര്‍ഷികോത്പന്നങ്ങളില്‍ ഏറെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ് നാം കയറ്റുമതി ചെയ്യുന്നത്. 2025ല്‍ ഒരുലക്ഷം കോടി രൂപയുടെ കാര്‍ഷികോത്പന്നങ്ങളാണ് നാം പശ്ചിമേഷ്യയിലേക്ക് അയച്ചത്.

എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ഇത് ഏതാണ്ട് നിലച്ച മട്ടാണ്. ലക്ഷക്കണക്കിന് ടണ്‍ ചരക്കുകള്‍ പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കര, വ്യോമ, ജലപാതകള്‍ അടച്ചതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇതിന് പുറമെ കപ്പല്‍കടത്ത് കൂലിയും ഇന്‍ഷ്വറന്‍സ് തുകയും ഉയര്‍ത്തിയതും തിരിച്ചടിയായി. കയറ്റുമതിയിലുണ്ടായ ഈ വലിയ നഷ്‌ടം കയറ്റുമതിക്കാര്‍ക്ക് പുറമെ കര്‍ഷകരെയും ബാധിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്‍റെ കണക്കുകള്‍ പ്രകാരം യുദ്ധം കാര്‍ഷിക ഭക്ഷ്യ കയറ്റുമതിയെ പിന്നോട്ടടിച്ചിരിക്കുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിഭവങ്ങളാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വിവിധ തുറമുഖങ്ങളിലായി മൂവായിരം കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കുന്നു.

നാല് ലക്ഷം ടണ്‍ ബസ്‌മതി അരി നടുക്കടലില്‍
ഇറാന്‍ ഇസ്രയേല്‍ അമേരിക്ക സംഘര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ബസ്‌മതി അരിക്കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. നാല് ലക്ഷം ടണ്‍ ബസ്‌മതി അരി വിവിധ തുറമുഖങ്ങളിലായി കെട്ടിക്കിടക്കുകയാണ്. കപ്പല്‍ചാലുകള്‍ അടച്ചതോടെയാണ് ഈ ദുര്യോഗം.

യുദ്ധം മൂലം കടത്തുകൂലിയിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത് കയറ്റുമതിക്കാരെ സാരമായി ബാധിച്ചിരിക്കുന്നു. ഇറാനാണ് ഇന്ത്യയുടെ ബസ്‌മതി അരിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. 25ശതമാനത്തിലേറെ ബസ്‌മതി അരി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് അവരാണ്.

യുദ്ധം മൂലം ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുമായി പോയ കപ്പലുകള്‍ പലതും പാതിവഴിയില്‍ യാത്ര മുടങ്ങിക്കിടക്കുകയാണ്. ആഗോള വിപണിയിലെ ബസ്‌മതി അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ ഇന്ത്യയാണ്. 2024-25 വര്‍ഷം നമ്മള്‍ 60.65 ലക്ഷം ടണ്‍ ബസ്‌മതി അരിയാണ് കയറ്റി അയച്ചത്. അതായത് 50312.01 കോടി രൂപയുടെ ബസ്‌മതി അരി.

ഇന്ത്യ കയറ്റി അയക്കുന്ന ബസ്‌മതി അരിയുടെ 70-72ശതമാനത്തിന്‍റെയും ഉപഭോക്താക്കള്‍ പശ്ചിമേഷ്യയാണെന്നും ക്രിസില്‍ റേറ്റിങ്സ്‌ വ്യക്തമാക്കുന്നു. 2024-25ല്‍ ഇന്ത്യയില്‍ നിന്നുള്ള ബസ്‌മതി അരിയുടെ അറുപത് ലക്ഷം ടണ്ണും പശ്ചിമേഷ്യയാണ് ഉപയോഗിച്ചത്.

ചരക്ക് കടത്ത് ഇരട്ടിയാക്കി, ലാഭത്തില്‍ വന്‍ ഇടിവ്
ബസ്‌മതി അരിയും മറ്റ് കാര്‍ഷികോത്പന്നങ്ങളും അവരുടെ ഇറാന്‍ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് അവരുടെ ആവശ്യമനുസരിച്ച് 2026 ഫെബ്രുവരി28ന് മുമ്പ് കയറ്റി അയച്ചിരുന്നു.

എന്നാല്‍ യുദ്ധം വെല്ലുവിളി ഉയര്‍ത്തിയതോടെ ഇന്‍ഷ്വറന്‍സ് തുക ഉയര്‍ത്തുകയും കണ്ടെയ്‌നറുകള്‍ ലഭ്യമല്ലാതെ വരികയും ചെയ്‌തതോടെ നിരക്കില്‍ വന്‍ വര്‍ദ്ധന ഉണ്ടായി. ഇതോടെ കണ്ടെയ്‌നര്‍ ഒന്നിന് രണ്ടായിരം ഡോളര്‍ അധികം നല്‍കേണ്ട സ്ഥിതിയാണ്. അതായത് 1.8 ലക്ഷം രൂപ.

കര്‍ഷകരുടെ നഷ്‌ടം
കപ്പലുകളുടെ യാത്ര തടസപ്പെട്ടതോടെ ബസ്‌മതി അരിയടക്കമുള്ള ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അരിയുടെ വില ക്വിന്‍റലിന് അറുനൂറ് മുതല്‍ എണ്ണൂറ് രൂപ വരെയാണ് ഇടിഞ്ഞിട്ടുള്ളത്.

ഇത് കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ നഷ്‌ടമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. കയറ്റുമതി തടസപ്പെട്ടതോടെ മഹാരാഷ്‌ട്ര, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിപണികളിലേക്ക് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും എത്തിത്തുടങ്ങി. ഇത് ഇവിടെ വന്‍ വിലയിടിവിനും കാരണമായി. ഇതും പഴം പച്ചക്കറി കര്‍ഷകര്‍ക്ക് വലിയ തിരിച്ചടി സൃഷ്‌ടിച്ചിരിക്കുന്നു. ഇതിന് പുറമെ കയറ്റുമതിക്കാര്‍ക്ക് പണം കിട്ടാനും കാലതാമസം നേരിടുന്നു.

മാംസക്കയറ്റുമതിയിലും തടസം
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രാജ്യത്തെ 16730 കോടി രൂപയുടെ മാംസ, കടല്‍ഭക്ഷ്യ കയറ്റുമതിയെ ബാധിച്ചിരിക്കുന്നു. 2025ല്‍ ഇന്ത്യയില്‍ നിന്ന് 16730 കോടി രൂപയുടെ മാംസ കടല്‍ വിഭവങ്ങളാണ് നാം പശ്ചിമേഷ്യയിലേക്ക് കയറ്റി അയച്ചത്.

ഞണ്ടുകള്‍ പോലുള്ള കടല്‍ വിഭവങ്ങള്‍, ബീഫ്, ഫ്രോസണ്‍ ബീഫ്, ആടിന്‍റെയും ചെമ്മരിയാടിന്‍റെയും മാംസം, ചെമ്മീന്‍ തുടങ്ങിയവയാണ് പ്രധാനമായും നാം കയറ്റി അയക്കുന്നത്. 2025ല്‍ ഫ്രഷായതോ സംസ്‌കരിച്ചതോ ആയ ബീഫ് കയറ്റുമതിയുടെ 97ശതമാനവും അതായത് 1,158.30 കോടി രൂപയുടേത് പശ്ചിമേഷ്യയിലേക്ക് ആയിരുന്നു. ഫ്രോസണ്‍ ബീഫിന്‍റെ ഈ മേഖലയിലേക്കുള്ള കയറ്റുമതി 10,500 കോടി രൂപയുടേതാണ്. അതായത് ആഗോള കയറ്റുമതിയുടെ 28.9 ശതമാനം.

ചെമ്മരിയാടിന്‍റെയും ആടിന്‍റെയും മാംസ കയറ്റുമതി 790 കോടിയിലെത്തിയിരുന്നു. പശ്ചിമേഷ്യയിലേക്കുള്ള ആകെ കയറ്റുമതിയുടെ 98.9ശതമാനമാണിത്. ഗള്‍ഫ് വിപണിയിലുണ്ടാകുന്ന എന്ത് പ്രത്യാഘാതവും ഇന്ത്യയുടെ ബീഫ്, കന്നുകാലി കയറ്റുമതിക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന മേഖലകളിള്‍ ഇവയുടെ സംസ്‌കരണ യൂണിറ്റുകള്‍ ധാരാളമുള്ള സാഹചര്യത്തില്‍. സംഘര്‍ഷം തുടര്‍ന്നാല്‍ ഈ വ്യവസായം പ്രതിസന്ധിയിലാകും.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ബീഫും കോഴിയിറച്ചിയും മുട്ടയും മറ്റും കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഇവയുടെ കയറ്റുമതിയുടെ എഴുപത് ശതമാനവും പശ്ചിമേഷ്യയിലേക്കാണ്. ആട്ടിറച്ചി(98.9ശതമാനം)ബീഫ്(97.4ശതമാനം)എന്നിങ്ങനെയാണ് ഇതിന്‍റെ കണക്കുകള്‍. പോത്തിറച്ചി, ആട്ടിറച്ചി, പാല്‍, പാലുത്പന്നങ്ങള്‍, തേന്‍ തുടങ്ങിയവയാണ് പ്രധാനമായും നാം കയറ്റി അയക്കുന്ന ജന്തു ഉത്പന്നങ്ങള്‍.

മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് 1200 കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളും
ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതിയെയും പശ്ചിമേഷ്യന്‍ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. ആയിരത്തിലേറെ കണ്ടെയ്‌നറുകളിലായി 1200 കോടി രൂപയുടെ ചരക്കുകളാണ് മുംബൈ തുറമുഖത്ത് മാത്രം കെട്ടിക്കിടക്കുന്നത്.

ഇതില്‍ വാഴപ്പഴം, മുന്തിരി, മാതളം, ഉള്ളി, തുടങ്ങിയവയാണുള്ളത്. ദുബായിലെ ജെബല്‍ അലി തുറമുഖത്ത് കപ്പല്‍ഗതാഗതം തടസപ്പെട്ടതോടെ ചരക്കുകള്‍ അയക്കാന്‍ 20.25 ദിവസം വരെ വേണ്ടി വരുന്നു. ഇതിന് പുറമെ യുദ്ധ വെല്ലുവിളി മൂലം രണ്ടായിരം -മൂവായിരം ഡോളര്‍ വരെ അധിക നിരക്കും നല്‍കേണ്ടിവരുന്നത് ചെലവ് വര്‍ദ്ധിപ്പിക്കുന്നു. നാസിക്കില്‍ നിന്നുള്ള മുന്തിരിയും വാഴപ്പഴവും മഹാരാഷ്‌ട്രിയില്‍ നിന്നുള്ള ഉള്ളി അടക്കമുള്ള പച്ചക്കറികളും മുംബൈ തീരത്ത് കിടന്ന ചീയുകയാണ്.

2024-25ല്‍ 15100 കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളുമാണ് നാം കയറ്റി അയച്ചത്. ബംഗ്ലാദേശ്, യുഎഇ, ഇറാഖ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍, മലേഷ്യ, ബ്രിട്ടന്‍, ശ്രീലങ്ക, ഒമാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നാം പ്രധാനമായും ഇവ കയറ്റി അയക്കുന്നത്.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയുടെ 2360 കോടി രൂപ വരുന്ന പാലുത്പന്ന കയറ്റുമതിയെയും ബാധിച്ചിരിക്കുന്നു. ഇന്‍ഷ്വറന്‍സും കടത്ത് കൂലി തുടങ്ങിയവയിലുണ്ടായ വര്‍ദ്ധന പാലുത്പന്ന കയറ്റുമതി രംഗത്തും ഗൗരവമായ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു.

രാജ്യത്ത് മുട്ടവിലയില്‍ ഇടിവ്
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസപ്പെട്ടതാണ് ഇതിന് കാരണം. യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് തടസപ്പെട്ടിരിക്കുന്നത്. ഇതോടെ ആഭ്യന്തര വിപണിയില്‍ മുട്ടയുടെ വിലയിടിഞ്ഞു. അധികമായി വിപണിയിലേക്ക് മുട്ട എത്തുന്നതാണ് കാരണം. ഇത് ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാണെങ്കിലും കര്‍ഷകര്‍ക്ക് തെല്ലും ഗുണകരമല്ല.

തണ്ണിമത്തന്‍ വിലയിലും ഇടിവ്
പശ്ചിമേഷ്യന്‍ സംഘര്‍ം രാജ്യത്തെ തണ്ണിമത്തന്‍ വിലയിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. കയറ്റുമതി തടസപ്പെട്ടതാണ് ഇതിന് കാരണം. ചിലയിടങ്ങളില്‍ കിലോയ്ക്ക് കേവലം ഏഴ് രൂപ മാത്രമേ തണ്ണി മത്തനുള്ളൂ.

X
Top