
കൊച്ചി: കൊച്ചി നേവൽ ബേസ് ആസ്ഥാനമായ ഐഎൻഎസ് വെണ്ടുരുത്തിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌കരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ കമ്പനിയായ ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ജൈവ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്. ഐഎൻഎസ് വെണ്ടുരുത്തിയിൽ സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതിയുടെ അവസാന ഘട്ടവും ഇതോടെ പ്രവർത്തനം ആരംഭിച്ചു. ഈ പദ്ധതി കൊച്ചി നാവിക സേനയുടെ സീറോ വേസ്റ്റ് കാംപസ് എന്ന ലക്ഷ്യത്തിലേക്കും ലെഗ്രാൻഡിന്റെ സർക്കുലർ ഇക്കണോമിയിലേക്കുമുള്ള ചുവടുവെപ്പാണ്.
ഈ പദ്ധതിയുടെ ഭാഗമായി, പ്രതിദിനം ഏകദേശം 1 ടൺ ശേഷിയുള്ള, പൂർണമായും ഓട്ടോമാറ്റിക്കായ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഷ്രെഡിംഗ്, ഡ്രൈയിംഗ് പ്രക്രിയകൾ സംയോജിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ്, 12 മണിക്കൂറിനുള്ളിൽ ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റിംഗിന് അനുയോജ്യമായ ഈർപ്പമില്ലാത്തതും ദുർഗന്ധരഹിതവുമായ വസ്തുവാക്കി മാറ്റുന്നു. വൈദ്യുത ഹീറ്റിംഗ് കോയിലുകൾ ഉപയോഗിക്കാതെയുള്ള പ്രക്രിയ ആയതിനാൽ ഊർജക്ഷമത ഉറപ്പാക്കാനും ഇത് മൂലം സാധിക്കുന്നു.
ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പൂർണമായ ഓട്ടോമേഷൻ വഴി 100% ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി രൂപകല്പന ചെയ്തതാണ് ഈ സംവിധാനം. ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റും വളവുമാക്കി മാറ്റുന്ന ഈ പരിസ്ഥിതി സൗഹൃദ പ്രക്രിയ, സുസ്ഥിര മാലിന്യ സംസ്‌ക്കരണ രംഗത്ത് ഒരു മാതൃകയാണ്. ഇന്ത്യൻ നാവിക സേനയും ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യയും കഴിഞ്ഞ വർഷം തുടക്കമിട്ട വിജയകരമായ സഹകരണത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി. ഇതു പ്രകാരം, പ്ലാസ്റ്റിക് മാലിന്യ പുനഃ ഉപയോഗത്തിനായി ഒരു മെറ്റീരിയൽ റിക്കവറി ഫസിലിറ്റി സ്ഥാപിക്കാൻ ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ നാവിക ആസ്ഥാനത്തെ പിന്തുണച്ചിരുന്നു. ഇതിലൂടെ വർഷം തോറും 100 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ജൈവ മാലിന്യ സംസ്കരണ സംവിധാനം കൂടി ഉൾപ്പെടുത്തിയതോടെ, 11,000ത്തിലധികം അംഗങ്ങളുള്ള കൊച്ചി നാവിക ആസ്ഥാനത്ത് ഖര മാലിന്യങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്യമത്തിലേയ്ക്ക് കൂടുതൽ അടുക്കുകയാണ്.






