
ന്യൂഡൽഹി: ഒരു ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനിയായ വിസ്താർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിന് കൃത്യമായ കരാറുകളിൽ ഏർപ്പെട്ടതായി ഗ്ലോബൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസ് അറിയിച്ചു.
വിസ്താർ ഫിനാൻസിന്റെ നിലവിലുള്ള നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ, എലിവർ ഇക്വിറ്റി, ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യ, സാമ ക്യാപിറ്റൽ എന്നിവരിൽ നിന്നാണ് വാർബർഗ് പിൻകസ് ഓഹരികൾ ഏറ്റെടുക്കുന്നത്. ഇടപാട് നിയന്ത്രണങ്ങൾക്കും മറ്റ് ചില അംഗീകാരങ്ങൾക്കും വിധേയമായി പൂർത്തിയാക്കുമെന്ന് സ്ഥാപനം അറിയിച്ചു.
ഈ ഇടപാടിന്റെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത് കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആണ്. 2010-ൽ ബ്രഹ്മാനന്ദ് ഹെഗ്‌ഡെയും നിഷ്തലയും ചേർന്ന് സ്ഥാപിച്ച വിസ്താർ ഫിനാൻസ് ചെറുകിട ബിസിനസുകൾക്ക് മൂലധനം വാഗ്ദാനം ചെയ്യുന്നു. 2,600 കോടിയിലധികം മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു. 205-ലധികം ശാഖകളുള്ള ഇതിന് രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ട്.
ഏപ്രിലിൽ വിസ്താർ ഫിനാൻസ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 150 കോടി രൂപ സമാഹരിച്ചു. കൂടാതെ മുൻകാലങ്ങളിൽ, കമ്പനി ഫ്രാങ്ക്ലിൻ ടെമ്പിൾടൺ അസറ്റ് മാനേജ്‌മെന്റ്, റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയിൽ നിന്ന് കടം സമാഹരിച്ചിട്ടുണ്ട്.