
ന്യൂഡൽഹി: ബ്രിട്ടനിലെ വോഡഫോൺ അതിന്റെ ഹംഗേറിയൻ ബിസിനസ്സ് 715 ബില്യൺ ഫോറിന് (1.8 ബില്യൺ ഡോളർ) വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ഇടപാട് മുഴുവൻ പണ പരിഗണയിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഈ ഇടപാട് മധ്യ യൂറോപ്യൻ രാജ്യത്ത് പ്രാദേശിക ഉടമസ്ഥതയിലുള്ള ഒരു ടെലികോം കമ്പനിയെ സൃഷ്ടിക്കും.
വിൽപ്പനയുമായി ബന്ധപ്പെട്ട് ഹംഗേറിയൻ 4ഐജി, സർക്കാർ നടത്തുന്ന കോർവിന്സ് ഇസഡ്ആർടി എന്നിവയുമായുള്ള നോൺ-ബൈൻഡിംഗ് നിബന്ധനകൾ തങ്ങൾ അംഗീകരിച്ചതായി വൊഡാഫോൺ ഗ്രൂപ്പ് അറിയിച്ചു. ഈ വില്പന കരാർ ഹംഗറിയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിൽ ഹംഗേറിയൻ ഉടമസ്ഥതയിലുള്ള ഒരു ദേശീയ കമ്പനിയെ കെട്ടിപ്പടുക്കാൻ ഹംഗേറിയൻ സർക്കാരിന് വ്യക്തമായ തന്ത്രമുണ്ടെന്ന് വോഡഫോൺ ചീഫ് എക്സിക്യൂട്ടീവായ നിക്ക് റീഡ് പ്രസ്താവനയിൽ പറഞ്ഞു. 2022 അവസാനത്തോടെ നിര്ദിഷ്ട വിൽപ്പന പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.