
തിരുവനന്തപുരം: ഒന്നാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്ണിന് സജ്ജമായി. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യറും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിലും തുറമുഖം പ്രവര്‍ത്തനം തുടങ്ങും.
തുറമുഖ നിര്‍മാണത്തിന്റെ ഭൂരിഭാഗം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഡ്രെജിംഗ് പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും ബ്രേക്ക് വാട്ടര്‍ നിര്‍മാണം 92 ശതമാനവും കണ്ടെയ്‌നര്‍ യാര്‍ഡിന്റെ നിര്‍മാണം 74 ശതമാനവും കഴിഞ്ഞു.
തുറമുഖത്തിനാവശ്യമായ ക്രെയിനുകളും ടഗ്ഗുകളും മറ്റ് ഉപകരണങ്ങളും തുറമുഖത്തെത്തി. കെട്ടിടങ്ങളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.