
തിരുവനന്തപുരം: എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായ നയത്തിലൂടെയാണ് കേരളം വ്യവസായ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ്. കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വിഷന്‍-കേരളം 2031’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തെ നയങ്ങളുടെയും നിലപാടുകളുടെയും തുടര്‍ച്ചയിലൂടെയാണ് കഴിഞ്ഞ 9 വര്‍ഷമായി കേരളത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
വന്‍കിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെല്ലാം ഈ പരിഗണനയില്‍ ഉള്‍പ്പെടുന്നു. 2021-ല്‍ വ്യവസായ സംരംഭങ്ങള്‍ക്കുള്ള ഉദ്യം രജിസ്ട്രേഷനില്‍ ഉള്‍പ്പെട്ടത് 85,000 എണ്ണമായിരുന്നു. ഇപ്പോഴത് 16.85 ലക്ഷം ആയി. അതില്‍ 48 ശതമാനത്തോളം വനിതാ സംരംഭകരാണ്. ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ നയത്തിനു തെളിവാണ്. പ്രകൃതിയോട് ചേര്‍ന്നുള്ള നിക്ഷേപനയമാണ് കേരളത്തിന്‍റേത്. ഇന്ത്യയില്‍ ഇഎസ് ജി നയം ആദ്യമായി സ്വീകരിച്ച സംസ്ഥാനമായി മാറിയതും കേരളത്തിന്‍റെ സവിശേഷതയാണ്. എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസായവത്കരണത്തിന്‍റെ തുടര്‍ച്ചയാണ് വിഷന്‍ 2031 ലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷന്‍ 2031 ഡോക്യുമെന്‍റ് അവതരണവും മന്ത്രി നിര്‍വ്വഹിച്ചു.ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിപിസിഎല്‍ സിഎംഡി സഞ്ജയ് ഖന്ന മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ 9 വര്‍ഷത്തെ വ്യവസായ വകുപ്പിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നടത്തി. വ്യവസായ സംരംഭങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും നയങ്ങള്‍ അവലോകനം ചെയ്യാനുമുള്ള അവസരം ഒരുങ്ങിയത് സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്നതായി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങള്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്യാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് മുന്‍നിര്‍ത്തിയുള്ള മുന്നേറ്റങ്ങളും നടത്താനുമായി. 2023 ലെ പുതിയ വ്യവസായ നയം നിലവില്‍ വന്നതും കേരള കയറ്റുമതി പ്രമോഷന്‍ നയം, കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവ പ്രഖ്യാപിക്കാന്‍ സാധിച്ചതും നേട്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യവസായ സൗഹൃദമല്ലെന്ന പരാതി മാറ്റിയെടുക്കുന്നതിലുപരി ഭാവിയിലെ വ്യവസായ വളര്‍ച്ചയ്ക്ക് ഉതകുംവിധമുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയെന്ന ഉത്തരവാദിത്തം കൂടിയാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ വിഷ്ണുരാജ് പി പറഞ്ഞു. ഈ ഉത്തരവാദിത്തം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു എന്നതാണ് കേരളത്തിന്‍റെ വ്യവസായ രംഗത്തിന്‍റെ വളര്‍ച്ച കാണിക്കുന്നത്. വ്യവസായ വളര്‍ച്ചയിലൂടെ സാമൂഹികമായ വളര്‍ച്ച കൂടിയാണ് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കിന്‍ഫ്ര എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സെമിനാര്‍ നടത്തിയത്.
പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം വ്യാവസായിക വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് നയ രൂപകര്‍ത്താക്കള്‍, വ്യവസായ പങ്കാളികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ സെമിനാറിലൂടെ ഏകീകരിച്ചു. കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായ കേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയില്‍ ചര്‍ച്ചകള്‍ നടന്നു. മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കുക, അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ പ്രയോജനപ്രദമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടായി.






