
ലോഹങ്ങൾ മുതൽ പെട്രോളിയം വരെയുള്ള വിവിധതരം പ്രകൃതി വിഭവങ്ങളുടെ പര്യവേഷണത്തിലും ഖനനത്തിലും സംസ്കരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇന്ത്യയിലെ വമ്പൻ വ്യവസായ സംരംഭകരായ വേദാന്ത ലിമിറ്റഡ്, വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന വേദാന്ത കമ്പനിയുടെ വിഭജനം അഥവാ ഡിമെർജർ അടുത്ത മാസം നടക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നിലവിലുള്ള വേദാന്ത കമ്പനിയെ (BSE: 500295, NSE: VEDL) അഞ്ച് സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളാക്കി മാറ്റുന്നതിനാണ് നീക്കം. ഇക്കഴിഞ്ഞ ഡിസംബറിൽ കമ്പനി ട്രൈബ്യൂണലിൽ നിന്നും കമ്പനിയുടെ പുനഃസംഘടനയ്ക്കുള്ള അനുമതി ലഭിച്ചിരുന്നു.
5 പുതിയ കമ്പനികൾ ഏതൊക്കെ?
നിലവിൽ വേദാന്തയുടെ കീഴിലുള്ള ഓരോ ബിസിനസ് വിഭാഗങ്ങളെയും വേർപെടുത്തി, പ്രത്യേക സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളാക്കി മാറ്റുമ്പോൾ അലുമിനീയം ബിസിനസ്, ബേസ് മെറ്റൽസ് (സിങ്ക് & കോപ്പർ), പവർ ബിസിനസ്, ഇരുമ്പ് & ഉരുക്ക് ബിസിനസ്, ഓയിൽ & ഗ്യാസ് ബിസിനസ് എന്നിവയിൽ നിന്നാകും പുതിയ 5 കമ്പനികൾ രൂപികരിക്കപ്പെടുക. ഇവയെല്ലാം പ്രത്യേകം പ്രത്യേകമായി, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
അതേസമയം നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, കമ്പനി നിശ്ചയിക്കുന്ന റെക്കോഡ് തീയതിയിൽ കൈവശമുള്ള ഓരോ വേദാന്ത ഓഹരിക്കും വീതം 5 പുതിയ കമ്പനികളുടേയും ഓഹരികൾ ലഭിക്കുന്നതായിരിക്കും. ഡിമെർജർ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിന് അനുസരിച്ച് റെക്കോഡ് തീയതി വൈകാതെ പ്രഖ്യാപിക്കുന്നതായിരിക്കും. തിങ്കളാഴ്ച (മാർച്ച് 30) രാവിലെ വിപണി തിരിച്ചടി നേരിടുന്നതിനിടയിലും മൂന്ന് ശതമാനത്തോളം നേട്ടത്തിൽ 665 രൂപ നിലവാരത്തിലാണ് വേദാന്ത ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
എന്തുകൊണ്ടാണ് ഡീമെർജർ നടത്തുന്നു?
ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന കോർപറേറ്റ് പുനഃസംഘടന പദ്ധതിയിലൂടെ, വേദാന്ത ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത താഴ്ത്തുക, കമ്പനിയുടെ കീഴിലുള്ള ഓരോ ഉപവിഭാഗത്തിന്റെയും ബിസിനസിന് കൃത്യമായ മൂല്യം (Valuations) കണ്ടെത്തുക. വൈവിധ്യമാർന്ന ബിസിനസ്സുകളിൽ ഒരേസമയം ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ കമ്പനിയുടെ വിപണി മൂല്യത്തിൽ സംഭവിക്കാവുന്ന കിഴിവ് (Conglomerate Discount) ഇല്ലാതാക്കി ഓരോ ഓഹരിക്കും അർഹമായ വില ഉറപ്പാക്കുക.
ഓഹരി ഉടമകൾക്ക് മൂല്യവർധനവ് സമ്മാനിക്കുക. ഇത്തരത്തിൽ ഒന്നിലധികമുള്ള പോസിറ്റീവ് ഫലങ്ങൾ ഒറ്റയടിക്ക് നേടിയെടുക്കുന്നതിന് വേണ്ടിയാണ് വേദാന്ത ഡിമെർജർ നടപ്പാക്കുന്നത്.
നിക്ഷേപകർക്ക് വൻ അവസരമാണോ?
വിപണിയുടെ മുൻകാലചരിത്രം പരിശോധിച്ചാൽ, കോർപറേറ്റ് കമ്പനികളുടെ ഇത്തരം ഡീമെർജറുകൾ പലപ്പോഴും നിക്ഷേപകർക്ക് വലിയ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്ന (Wealth Creation) അവസരമാകാറുണ്ട്.
അതുകൊണ്ട് വേദാന്തയുടെ ഡീമെർജർ, ഒരു സാധാരണ കോർപറേറ്റ് പുനഃസംഘടനയായി ചുരുങ്ങിപ്പോകാതെ, ആഭ്യന്തര ഓഹരി വിപണിയിലെ വമ്പൻ വെൽത്ത് അൺലോക്കിങ് ഇവന്റ് ആയി മാറുമോ എന്നുള്ളതിന് ഇനി വരാനിരിക്കുന്ന മാസങ്ങളിൽ ഉത്തരം ലഭിച്ചേക്കും.






