
തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025-ലെ മഹാത്മാ പുരസ്കാരം തുടർച്ചയായ നാലാം വർഷവും സ്വന്തമാക്കി യുഎസ്ടി ഗ്ലോബൽ. ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആർ) പുരസ്കാരമാണിത്. സിഎസ്ആർ സംരംഭങ്ങളിലൂടെ വലിയ തോതിലുള്ള സാമൂഹിക സ്വാധീനം ചെലുത്തുന്നതിനുള്ള യുഎസ്ടി യുടെ ദീർഘകാല പ്രതിബദ്ധതയെ ഈ വിജയം അടിവരയിടുന്നതായി കമ്പനി അധികൃതർ പറഞ്ഞു. സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ 2030-ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് യുഎസ്ടിയുടെ സിഎസ്ആർ സംരംഭങ്ങളെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന മാർഗം, പരിസ്ഥിതി, ദുരന്ത നിവാരണം എന്നീ അഞ്ച് പ്രധാന മേഖലകൾക്ക് ഈ ഉദ്യമങ്ങൾ ഊന്നൽ നൽകുന്നുണ്ട്. യുഎസ്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ, സന്നദ്ധ സേവനത്തിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഘടകങ്ങളാണ് 2024, 2023, 2022 വർഷങ്ങളിലെ ഉൾപ്പടെയുളള പുരസ്കാരങ്ങൾക്ക് അർഹമാക്കിയതെന്ന് കമ്പനി വിലയിരുത്തുന്നു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവന മാർഗം എന്നിവ ശാശ്വതമായ സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനുള്ള നിർണായക ഘട്ടങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻഗണന നൽകുന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നാണ് യുഎസ്ടിയുടെ സിഎസ്ആർ പ്രതിബദ്ധതയുടെ തുടക്കം. കമ്പനിയുടെ വിദ്യാഭ്യാസ സംരംഭങ്ങൾ ആദ്യകാല പഠനം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ജിജ്ഞാസ വളർത്തുകയും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ അവരുടെ പൂർണ ശേഷി വെളിപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നവയാണ്. ചുറ്റുമുള്ള സമൂഹങ്ങൾക്ക് നന്മ ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ചെയ്യുന്ന തൊഴിൽക്ഷമതാ പരിപാടികൾ കമ്പനി നടപ്പാക്കുന്നുണ്ട്. ഒന്നിലധികം സ്കോളർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റം പരിശീലന പദ്ധതികൾ, സ്കൂൾ ദത്തെടുക്കൽ, ചെന്നൈയിൽ ബാല്യകാല വിദ്യാഭ്യാസ പരിപാടി സ്ഥാപിക്കൽ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട് ലേണിംഗ് തുടങ്ങി വിവിധ പരിപാടികൾ കമ്പനി കഴിഞ്ഞ വർഷം നടപ്പാക്കിയ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
ഒപ്പം, ആരോഗ്യ സംരക്ഷണം എല്ലായ്‌പ്പോഴും യു എസ് ടി യുടെ സി എസ് ആർ ഉദ്യമങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംരംഭങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സാധ്യതകളും ശക്തിപ്പെടുത്തുന്നതിനും, ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും നിർണായക പരിചരണം സാധ്യമാക്കുന്നതിനും, സഹായ സാങ്കേതികവിദ്യകൾ ശക്തമാക്കുന്നതിനും, ആരോഗ്യ അവബോധം പ്രചരിപ്പിക്കുന്നതിനും ഉള്ള ശ്രമങ്ങൾ കമ്പനി സമീപ വർഷങ്ങളിൽ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 2025-ൽ, ഗുരുതരാവസ്ഥയിലുള്ളവരെ സഹായിക്കാൻ സന്നദ്ധസേവനം നടത്തുന്നതിലൂടെയും, മെഡിക്കൽ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെയും, മൊബിലിറ്റി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും യു എസ് ടി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കാട്ടിയിട്ടുണ്ട്.
പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിലൂടെ ദീർഘകാല പരിവർത്തനാത്മക സ്വാധീനം കൈവരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. തത്ഫലമായി, സ്ത്രീകൾ, യുവാക്കൾ, ഗോത്ര സമൂഹങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള വികസന പരിപാടികൾ രൂപപ്പെടുത്തുകയും അതിനായി നിക്ഷേപം നടത്തുകയും ചെയ്യുന്നത് തുടരുന്നു. സാങ്കേതികവിദ്യയിൽ അടിസ്ഥാനമായുള്ള നൈപുണ്യ വികസനത്തിലൂടെയും വിപണിയുമായി ബന്ധപ്പെട്ട അവസരമൊരുക്കലിലൂടെയും, ഈ സംരംഭങ്ങൾ സുസ്ഥിര വരുമാനം നൽകുന്നത് ഉറപ്പാക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കൽ, സമഗ്രമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവ ഇതിലൂടെ സാധ്യമാക്കുന്നു.
ഈ ശ്രമങ്ങളുടെ ഭാഗമായി, യുഎസ് ടി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുകയും ബുദ്ധിപരമായ വൈകല്യമുള്ളവർക്കും അവരുടെ പരിചാരകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ന്യൂ ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, യുഎസ് ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. “ട്രസ്റ്റിഷിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കോർപ്പറേഷന്റെ പങ്ക്” എന്ന സെഷനിൽ പാനൽ സ്പീക്കറായും സ്മിത ശർമ പങ്കെടുത്തു. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന അമിത് സച്ച്ദേവയാണ് മഹാത്മാ അവാർഡ് സ്ഥാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പാണ് മഹാത്മാ അവാർഡിനു ചുക്കാൻ പിടിക്കുന്നത്. ലൈവ് വീക്കാണ് വർഷം തോറും പുരസ്കാര ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.






