
കൊച്ചി: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാന് കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറ് മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകൾ കൈമാറാനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് യുഎസ്ടി ഗ്ലോബൽ. സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2025-ഓടെ രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമാണ് നിക്ഷയ്. നിക്ഷയ് മിത്രയുടെ ഭാഗമാകുന്നതിലൂടെ, ക്ഷയരോഗ ബാധിതർക്ക് ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകൾ നൽകിക്കൊണ്ട് യുഎസ്ടി ഈ സംരംഭത്തെ പിന്തുണയ്ക്കും.
കമ്പനിയുടെ സിഎസ്ആർ ടീം തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള ജില്ലാ ടിബി സെല്ലിലും എറണാകുളം കരുവേലിപ്പടിയിലുള്ള ജില്ലാ ടിബി സെന്ററിലും പ്രതിമാസം 100 കിറ്റുകൾ എന്ന കണക്കിൽ, ആകെ 600 കിറ്റുകൾ വിതരണം ചെയ്യും. അരി, ഗോതമ്പ് മാവ്, റാഗി പൊടി, ഉഴുന്ന് പരിപ്പ്, ചെറുപയർ, പാൽപ്പൊടി, വെളിച്ചെണ്ണ /എള്ളെണ്ണ /സൂര്യകാന്തി എണ്ണ, നെയ്യ്, നിലക്കടല, കശുവണ്ടി, ഈത്തപ്പഴം, ബംഗാൾ പയർ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ഭക്ഷ്യ കിറ്റും.
നിക്ഷയ് മിത്ര ഉദ്യമവുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാൻ തിരുവനന്തപുരം ജില്ലാ ടി ബി സെല്ലിൽ നടത്തിയ ചടങ്ങിൽ യുഎസ്ടിയിൽ നിന്നും ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; വർക്ക് പ്ലേസ് മാനേജ്മെന്റ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ് വിനീത് മോഹനൻ; എന്നിവരും, ജില്ലാ ടി ബി ഓഫീസർ ഡോ.ധനുജ വി, എസ്ടിഡിസി കൺസൽട്ടന്റ് ഡോ.നീന പിഎസ്, ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വിഭാഗം പ്രോഗ്രാം മാനേജർ ഡോ. അനോജ് തുടങ്ങിയവർ പങ്കെടുത്തു.






