
മുംബൈ: റഷ്യയ്‌ക്കെതിരായ യുഎസ്, യൂറോപ്യന്‍ ഉപരോധങ്ങള്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകളെ പ്രതിസന്ധിയിലാക്കി. വിലകൂടിയ അസംസ്‌കൃത എണ്ണവാങ്ങാന്‍ നിര്‍ബന്ധിതരായതോടെയാണിത്. കൂടാതെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്താനും കമ്പനികള്‍ക്കാകുന്നില്ല.
റഷ്യന്‍ ക്രൂഡില്‍ നിന്നും ഇന്ത്യ ഉത്പാദിപ്പിക്കുന്ന ഡീസല്‍ വാങ്ങാന്‍ ഇപ്പോള്‍ രാജ്യങ്ങള്‍ തയ്യാറാകാത്ത അവസ്ഥയാണ്. യൂറോപ്യന്‍ യൂണിയന്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാഷിങ്ടണും സമാന പാതയിലാണ്.
പ്രതിദിനം 1.63 ദശലക്ഷം ബാരല്‍ എന്ന തോതിലാണ് ഇന്ത്യ കഴിഞ്ഞവര്‍ഷം റഷ്യന്‍ ഓയില്‍ വാങ്ങിയത്. ഇത് മൂന്നിലൊന്ന് കൂടുതലാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ റിഫൈനറികളുടെ പ്രവര്‍ത്തനത്തെ സഹായിച്ചതും റഷ്യന്‍ ക്രൂഡ് ഓയില്‍ ആയിരുന്നു.
എന്നാല്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വരവ് കുറഞ്ഞതോടെ കൂടുതല്‍ വിലയില്‍ എണ്ണവാങ്ങാന്‍ റിഫൈനറികള്‍ നിര്‍ബന്ധിതരായി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഈ ആഴ്ച മിഡില്‍ ഈസ്റ്റ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങിയത്. സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ ആദ്യം വരെയുള്ള കാലയളവില്‍ വിതരണം ചെയ്യുന്നതിനാണിത്.
രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംസ്‌കരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ ആദ്യം വരെ എത്തുന്ന എണ്ണയ്ക്ക് വ്യാഴാഴ്ച ടെന്‍ഡര്‍ നല്‍കി.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയ നടപടി വിശദീകരിക്കുന്നതിനിടെയായിരുന്നു ഇത്.