ന്യൂയോർക്ക്: ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള് അമേരിക്കയില് നിരോധിക്കണമെന്ന ആവശ്യം ഏതാനും ദിവങ്ങള്ക്ക് മുമ്പാണ് യു.എസ്. സെനറ്ററായ ഷെറോഡ് ബ്രൗണ് പ്രസിഡന്റ് ജോ ബൈഡന് മുന്നില് ഉന്നയിക്കുന്നത്.
എന്നാല്, അദ്ദേഹം ആവശ്യപ്പെട്ടത് പോലെ വാഹനം നിരോധിക്കുന്നതിന് പകരം അമേരിക്കയില് എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വര്ധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് യു.എസ്. ഗവണ്മെന്റ് എന്നാണ് പുതിയ റിപ്പോര്ട്ട്.
ചൈനയില് നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് 100 ശതമാനം തീരുവ ഈടാക്കാനാണ് പദ്ധതിയൊരുക്കുന്നതെന്നാണ് സൂചനകള്. നിലവില് 25 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് അമേരിക്ക ചുമത്തിയിട്ടുള്ളത്.
നികുതി വര്ധനവ് പ്രാബല്യത്തില് വന്നാല് അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്. വരും ദിവസങ്ങളില് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
ചൈനീസ് വാഹനങ്ങള് അമേരിക്കയില് എത്തുന്നത് തടയാനാണ് ഇറക്കുമതി തീരുവ വര്ധിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്ക്ക് പുറമെ, ചൈനയില് നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികള്, സോളാര് പാനലുകള് തുടങ്ങിവയ്ക്കും പുതിയ താരിഫ് ബാധകമായിരിക്കുമെന്നാണ് റിപ്പോര്ട്ട്.
ഈ വര്ഷം നവംബറില് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില് ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
ചൈനീസ് വാഹനങ്ങള് കൂടുതലായി അമേരിക്കയില് എത്തുന്നത് രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന ഒന്നാണെന്നും ഇത് നിയന്ത്രിക്കണമെന്നുമാണ് കഴിഞ്ഞ മാര്ച്ച് മാസത്തില് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് നടത്തിയ പ്രസ്താവന.
എന്നാല്, ചൈനീസ് വാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തുന്നതിന് പകരം ഇറക്കുമതി തീരുവ വര്ധിപ്പിച്ചാല് വാഹനങ്ങളുടെ ഇറക്കുമതി ചൈനീസ് നിര്മാതാക്കള് തന്നെ കുറയ്ക്കുമെന്ന അഭിപ്രായം മുമ്പും ഉയര്ന്നിട്ടുണ്ട്.
എന്നാല്, ഇറക്കുമതി തീരുവ ഉയര്ത്തിയാല് ഇലക്ട്രിക് വെഹിക്കിള് ടാക്സ് ക്രെഡിറ്റുകള് ലഭിക്കാന് ചൈനീസ് വാഹന നിര്മാതാക്കള് മെക്സികോയിലും മറ്റും വെച്ച് നിലവാരമില്ലാത്തതും കുറഞ്ഞ നിരക്കിലുള്ളതുമായി വാഹനങ്ങള് നിര്മിക്കുമെന്നും ഇത് കൂടുതല് അപകടത്തിന് വഴിവെക്കുമെന്നുമായിരുന്നു വിലയിരുത്തലുകള് ഉയര്ന്നിരുന്നു.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള് നിരോധിക്കാനുള്ള സമ്മര്ദത്തിന്റെ ഏറ്റവും ഒടുവിലെ നീക്കമായാണ് ബ്രൗണിന്റെ നിര്ദേശത്തെ വൈറ്റ് ഹൗസ് പരിഗണിച്ചത്.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള് അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള് നിര്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് അമേരിക്കയില് നിരോധനം ഏര്പ്പെടുത്തണമെന്നുമാണ് സെനറ്ററായ ഷെറോഡ് ബ്രൗണ് പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടിരുന്നത്.
ചൈനീസ് കമ്പനികള്ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള് നിര്മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്ക്കും നിരോധനം ഏര്പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.