
ടെഹ് റാന്‍: ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന് യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഉപരോധം ഏര്‍പ്പെടുത്തി. 2018 മുതല്‍ നിലവിലുണ്ടായിരുന്ന പ്രത്യേക ഇളവ് അവസാനിപ്പിക്കുകയായിരുന്നു. തീരുമാനം ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. യുഎസിന്റെ കനത്ത തീരുവ നേരിടുന്ന സാഹചര്യത്തില്‍ പ്രാദേശിക നയങ്ങള്‍ പുന: പരിശോധിക്കേണ്ട സാഹചര്യമാണ് സംജാതമായത്.
അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം സുഗമമാക്കുന്നതാണ് തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം. ഇന്ത്യ വികസിപ്പിച്ചെടുത്ത തുറമുഖം പാകിസ്ഥാനെ മറികടക്കാനും മേഖലയില്‍ സാമ്പത്തികവും തന്ത്രപരവുമായ സാന്നിധ്യം ശക്തിപ്പെടുത്താനും രാജ്യത്തെ സഹായിച്ചു. രാജ്യത്തിന്റെ വിദേശനയത്തിന്റെയും പ്രാദേശിക കണക്റ്റിവിറ്റിയുടേയും പ്രധാനഭാഗമാണ് തുറമുഖം.
അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സര്‍ക്കാര്‍ ചബഹാര്‍ തുറമുഖത്തിന് ഇളവ് നല്‍കിയത്. 2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ഇളവ് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ഇളവ് ‘അപ്രത്യക്ഷമായി’ എന്നും ഇറാനിയന്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘പരമാവധി സമ്മര്‍ദ്ദം’ ചബഹാറിനും ബാധകമാകുമെന്നും പിഗോട്ട് അറിയിക്കുന്നു.
ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഐക്യരാഷ്ട്രസഭ ഇറാനെതിരെ നടപടികള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇറാനുമേലുള്ള വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെയാണ് ഈ സംഭവവികാസങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല,ഇന്ത്യയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന യുഎസ് നയം മാറ്റവും ഇത് കുറിക്കുന്നു.
ചബഹാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും ഇപ്പോള്‍ യുഎസ് നിയമപ്രകാരം നിയന്ത്രണങ്ങള്‍ നേരിടുന്നു. സാമ്പത്തിക ഇടപാടുകള്‍, സാങ്കേതിക കൈമാറ്റം, തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവയ്ക്കുള്ള പിഴകളാണ് ഇത്. വാഷിംഗ്ടണുമായുള്ള നയതന്ത്ര ഇടപെടല്‍, ഇതര വ്യാപാര മാര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ന്യൂഡല്‍ഹി നിലവില്‍ വിലയിരുത്തുകയാണ്.
2016 ലാണ് ഇന്ത്യയും ഇറാനും തമ്മില്‍ ചബഹാര്‍ തുറമുഖ കരാര്‍ ഒപ്പുവച്ചത്.ഉപകരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 85 മില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപിക്കാനും തുറമുഖ വികസനത്തിനായി 150 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2017-ല്‍ തുറമുഖം പ്രവര്‍ത്തനക്ഷമമായി, അതിനുശേഷം അഫ്ഗാനിസ്ഥാനിലേക്കുള്ള ഗോതമ്പും മറ്റ് സാധനങ്ങളും കയറ്റുമതി ചെയ്തു.
ഇളവ് അവസാനിപ്പിക്കാനുള്ള യുഎസ് തീരുമാനം, പാകിസ്ഥാന്‍ വഴിയുള്ള റൂട്ടുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പദ്ധതികളെ തടസ്സപ്പെടുത്തും. മധ്യേഷ്യയില്‍ സ്വാധീനം വികസിപ്പിക്കാനുള്ള ശ്രമങ്ങളും വെല്ലുവിളി നേരിടും. മേഖലയിലെ പ്രധാന ഊര്‍ജ്ജ ദാതാക്കളും തന്ത്രപരമായ പങ്കാളിയുമായ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും നടപടി ബാധിക്കും.
ഉപരോധങ്ങള്‍ക്കെതിരെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരാനിരിക്കുന്ന നയതന്ത്ര യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഈ വിഷയം ഉന്നയിക്കുമെന്ന് കരുതുന്നു. മേഖലയിലെ ഇന്ത്യയുടെ നിക്ഷേപങ്ങളും തന്ത്രപരമായ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള വഴികള്‍ അവര്‍ ആരായും.