
വാഷിങ്ടൺ: പരസ്പര വാണിജ്യം സംബന്ധിച്ച് യുഎസും യൂറോപ്യൻ യൂണിയനും (ഇയു) ധാരണയിലേക്ക്. ഇതു സംബന്ധിച്ച പൊതു പ്രസ്താവന രണ്ടു കൂട്ടരും ചേർന്നു പുറത്തിറക്കി. ലോകത്തെ ഏറ്റവും വലിയ പരസ്പര വാണിജ്യ കക്ഷികൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കാനും സമ്പദ്വ്യവസ്ഥകളുടെ പുനർവ്യവസായവൽക്കരണത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവന പറയുന്നു.
ലോക സമ്പദ്വ്യവസ്ഥയുടെ 44% യുഎസ്-ഇയു ഉടമസ്ഥതയിലാണ്. ഇയു ഉൽപന്നങ്ങൾക്ക് 15% യുഎസ് തീരുവ, വാഹന വിപ ണിക്ക് ഇയു രാജ്യങ്ങളുടെ നിയമനിർമാണവുമായി ബന്ധപ്പെടുത്തിയുള്ള തീരുവ തുടങ്ങിയവയാണ് പ്രസ്താവനയിലെ പ്രധാന സൂചനകൾ. വ്യവസായ ഉൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ തീരുവ ഒഴിവാക്കാൻ ഇയു സന്നദ്ധമായിട്ടുണ്ട്. സമാന രീതിയിൽ യുഎസും തീരുവ കുറയ്ക്കും.
യുഎസിൽ നിന്ന് 75000 കോടി ഡോളറിന്റെ വൈദ്യുതി വാങ്ങൽ, യുഎസിൽ 2028നുള്ളിൽ 60000 കോടി ഡോളറിന്റെ യൂറോപ്യൻ യൂണിയൻ നിക്ഷേപം എന്നിവയും ധാരണാപത്രത്തിലുണ്ട്. തീരുവ രഹിത പ്രശ്നങ്ങൾ, ഡിജിറ്റൽ ട്രേഡ്, പരിസ്ഥിതി നിയന്ത്രണങ്ങൾ എന്നിവയിലും പൊതുധാരണ രൂപപ്പെടുത്തും.