
കൊച്ചി: മലയാളിയായ ഷമീം സി. ഹമീദിന്റെ നേതൃത്വത്തില്‍ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെല്‍ത്ത്-ടെക് കമ്പനിയായ ബ്ലൂബ്രിക്സ് (bluebrix.health) കേരളത്തില്‍ 125 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു.
കൊച്ചിയിലെ സോഫ്റ്റ്വേർ ഡിവലപ്മെന്റ് കേന്ദ്രം വിപുലീകരിക്കാനും ഗവേഷണ-വികസനത്തിനും വേണ്ടിയാണ് തുക വിനിയോഗിക്കുകയെന്ന് ബ്ലൂബ്രിക്സ് ചെയർമാൻ ഷമീം സി. ഹമീദ് പറഞ്ഞു.
വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഉയർന്ന ശമ്പളമുള്ള അൻപതോളം പേരെ കൊച്ചിയില്‍ പുതുതായി നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 180 ജീവനക്കാർ കൊച്ചിയില്‍ പ്രവർത്തിക്കുന്നുണ്ട്.
യുഎസിലെ ആശുപത്രികള്‍ക്കും വൻകിട ക്ലിനിക് ശൃംഖലകള്‍ക്കും ക്ലിനിക്കല്‍ മാനേജ്മെന്റ് സിസ്റ്റവും ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോഡ്സും കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വേറാണ് കമ്ബനി ഒരുക്കുന്നത്.
ആരോഗ്യ ചികിത്സാരംഗത്തെ സങ്കീർണ പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനും ക്ലിനിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ ഏകോപിപ്പിക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുമായി പുതുതലമുറ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസി (എഐ) ന്റെ പിന്തുണയോടെയാണ് ഇത്. എഐ ഏജന്റുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പ്ലാറ്റ്ഫോം ആശുപത്രികളുടെയും ക്ലിനിക്കല്‍ ശൃംഖലകളുടെയും പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് എറണാകുളം കലൂർ സ്വദേശിയായ ഷമീം സി. ഹമീദ് വ്യക്തമാക്കി.
2008-ല്‍ പ്രവർത്തനമാരംഭിച്ച ബ്ലൂബ്രിക്സിന് നിലവില്‍ യുഎസിനും ഇന്ത്യക്കും പുറമേ സ്വിറ്റ്സർലൻഡിലും സാന്നിധ്യമുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് 10 കോടി ഡോളർ (ഏതാണ്ട് 860 കോടി രൂപ) വാർഷിക വിറ്റുവരവുള്ള കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്.