
ന്യൂഡല്‍ഹി: തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങാത്ത പക്ഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച സാധ്യമാകില്ലെന്ന പ്രസിഡന്റ് ട്രമ്പ് പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെന്ന കാര്യം ആവര്‍ത്തിച്ച് യുഎസ്. ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയും യുഎസുമായുള്ള രാജ്യത്തിന്റെ വ്യാപാര അസന്തുലിതാവസ്ഥയും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പ്രസിഡന്റ് ട്രമ്പിന്റെ നിലപാട് ഈ കാര്യത്തില്‍ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം പരസ്പരമുള്ള ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യ ചൈനയുമായി അടുക്കുമോ എന്ന ചോദ്യത്തിന് തന്ത്രപ്രധാന പങ്കാളിയുടെ ആശങ്കകള്‍ അകറ്റാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നായിരുന്നു മറുപടി.
അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്നാണ് പ്രസിഡന്റ് ട്രമ്പിന്റെ നിലപാട്. ‘ഇത് പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചകള്‍ ഇല്ല,’ എന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. വൈറ്റ് ഹൗസിലെ ഒവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ‘സെക്കന്‍ഡറി താരിഫുകള്‍ വരും, നിങ്ങള്‍ കൂടുതല്‍ കാണും’ എന്ന്് ട്രമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ബന്ധപ്പെട്ടായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.






