നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഊരാളുങ്കൽ സൊസൈറ്റി ലോക സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രം

കൊച്ചി: 100 വർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം ഇനി ‘ലോക സഹകരണ സാംസ്‌കാരിക പൈതൃകകേന്ദ്രം’. ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്‍റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണ് പ്രഖ്യാപനം നടത്തിയത്. ലോക സഹകരണ പ്രസ്ഥാനത്തിന്‍റെ സാംസ്‌കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ലോക ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ കൂടാതെ ഗുജറാത്തിലെ അമൂലിന്‍റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴ് കേന്ദ്രങ്ങളാണുള്ളത്. സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ആദ്യ ലോക ഭൂപടം ഉൾപ്പെടുത്തി, ‘കോപറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും’ ഐസി‌എ പ്രകാശനം ചെയ്തു. സഹകരണ പ്രസ്ഥാനം തലമുറകളിലൂടെ എങ്ങനെ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തി എന്നതു പ്രതിപാദിക്കുന്നതാണു ഭൂപടം. സഹകരണ പ്രസ്ഥാനത്തിന്‍റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യാനുള്ള ആഗോള ഉദ്യമത്തിന്‍റെ ഭാഗമാണ് പ്ലാറ്റ്‌ഫോം.

100 വർഷം കൊണ്ട് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ അദ്വിതീയസ്ഥാനം കൈവരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വ്യവസായ-ഉപഭോക്തൃ സേവന വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണ സ്ഥാപനമാണ്. 18,000-ൽ അധികം പേർക്ക് നേരിട്ടുള്ള തൊഴിൽ നൽകുന്ന സ്ഥാപനത്തിന്‍റെ വാർഷിക വരുമാനം 2334 കോടി രൂപയാണ്.

തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തിലെ ഏക ഐടി പാർക്കായ യു‌എൽ സൈബർപാർക്, യു‌എൽ ടെക്നോളജി സൊല്യൂഷൻസ്, ഫ്യൂച്ചറിസ്റ്റിക് നിർമാണങ്ങൾക്കായി രൂപം നൽകിയ യുസ്ഫിയർ, കോഴിക്കോട്ടെ സർ​ഗാലയ, തിരുവനന്തപുരത്തെ കേരള എന്നീ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, മാറ്റർലാബ് എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെറ്റീരിയൽ ടെസ്റ്റിം​ഗ് ലാബ്, യുഎൽ ഹൗസിം​ഗ്, യുഎൽ റിസേർച്ച്, യുഎൽ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, നിർമാണ കൺസൾട്ടൻസി സഥാപനമായ യുഎൽ ഇൻസൈറ്റ് എന്നിവ സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളാണ്. സഹകരണ സ്ഥാപനങ്ങൾ വ്യവസായങ്ങൾ മാത്രമല്ല, അവ സംസ്‌കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും വാഹകരാണെന്ന് ഭൂപടം പ്രകാശനം ചെയ്ത് ഇന്‍റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രസിഡന്‍റ് അറിയേൽ ഗ്വാർകോ പറഞ്ഞു.

X
Top