
ന്യൂഡല്‍ഹി: നയാര എനര്‍ജിയ്ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് യൂക്കോ ബാങ്ക്.റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റ് പിജെഎസ്സിയുടെ ഭാഗിക ഉടമസ്ഥത കാരണം നയാര യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നേരിടുകയാണ്. ഇതോടെ മറ്റ് കമ്പനികള്‍ ഇവരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചു.കമ്പനിയുമായുള്ള ബന്ധം അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിലേക്കുള്ള പ്രവേശനത്തെ തടയുമെന്നതിനാലാണിത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ നയാരയുടെ വിദേശ കറന്‍സി, വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവച്ചു. അതേസമയം വിദേശ സാന്നിധ്യം പരിമിതമായതിനാല്‍ യൂക്കോ ബാങ്ക് പാശ്ചാത്യ സാമ്പത്തിക സമ്മര്‍ദ്ദം നേരിടാനുള്ള സാധ്യത കുറവാണ്. കൂടാതെ എണ്ണവ്യാപാരം, പ്രത്യേകിച്ച് ഇറാനുമായുളളത് കൈകാര്യം ചെയ്ത് ബാങ്കിന് മുന്‍പരിചയമുണ്ട്.
ഇടപാടുകള്‍ക്കുള്ള കറന്‍സി തിരഞ്ഞെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വിശദാംശങ്ങള്‍ ഇരു സ്ഥാപനങ്ങളും ഉടന്‍ അന്തിമമാക്കുമെന്നറിയുന്നു. റഷ്യയില്‍ നിന്ന് മാത്രമാണ് നിലവില്‍ നയാര അസംസ്‌കൃത എണ്ണ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ഇന്ത്യയുടെ ശുദ്ധീകരണ ശേഷിയുടെ ഏകദേശം 8% വും ചില്ലറ ഇന്ധന ശൃംഖലയുടെ 7% വും നയാരയാണ് വഹിക്കുന്നത്..





