
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിവിഎസ് മോട്ടോര്‍ ആറാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്‌സിനെ മറികടന്നാണ് ടിവിഎസ് മോട്ടോര്‍ ഈ നേട്ടം കൈവരിച്ചത്.
2022ല്‍ ഇതുവരെ 72 ശതമാനമാണ് ടിവിഎസ് മോട്ടോറിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം. അതേ സമയം ഹീറോ മോട്ടോഴ്‌സിന്റെ ഓഹരി വില ഈ വര്‍ഷം 3.77 ശതമാനം മാത്രമാണ് ഉയര്‍ന്നത്.
ടിവിഎസ് മോട്ടോറിനേക്കാള്‍ ഉയര്‍ന്ന വിപണിമൂല്യവും വരുമാനവും ഹീറോ മോട്ടോഴ്‌സിനാണുള്ളതെങ്കിലും ഓഹരി വിപണിയിലെ പ്രകടനം മറിച്ചായി. ഇന്ന് 1075 രൂപ വരെ ഉയര്‍ന്ന ടിവിഎസ് മോട്ടോറിന്റെ വിപണിമൂല്യം 51,071 കോടി രൂപയാണ്.
ഹീറോയ്‌ക്ക് 50,968 കോടി രൂപയുടെ വിപണിമൂല്യമാണുള്ളത്. മാരുതി സുസുകിയാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള ഓട്ടോമൊബൈല്‍ കമ്പനി. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഏയ്‌ഷര്‍ മോട്ടോഴ്‌സ് എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
മത്സരരംഗത്തുള്ള മറ്റ് കമ്പനികളേക്കാള്‍ ഉയര്‍ന്ന മാര്‍ജിന്‍ ടിവിഎസിന് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. വിപണി പങ്കാളിത്തത്തില്‍ സ്ഥിരത പുലര്‍ത്താനും കമ്പനിക്ക് സാധിച്ചു. പുതിയ മോഡലുകളും ഇലക്‌ട്രിക് വാഹനങ്ങളും മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ ടിവിഎസിന് സഹായകമാകുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
സെപ്‌റ്റംബര്‍ ആദ്യവാരത്തില്‍ കമ്പനി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 എന്നീ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഉത്സവ സീണിലെ ശക്തമായ ഡിമാന്റ് കമ്പനിയുടെ വില്‍പ്പന മെച്ചപ്പെടുത്താന്‍ സഹായകമാകും. സെമികണ്ടക്‌ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യം കുറഞ്ഞതിനാല്‍ ഡിമാന്റിന് അനുസരിച്ച് വാഹനങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഗ്രാമീണ മേഖലയിലെ ഡിമാന്റ് വര്‍ധിക്കുന്നതും പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ഉയരുന്നതും ടിവിഎസ് മോട്ടോറിന്റെ ബിസിനസ് മെച്ചപ്പെടുന്നതിന് വഴിവെക്കും.






